ന്യൂദല്‍ഹി: ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ അക്കൗണ്ട് ലോക്ക് ചെയ്ത ട്വിറ്ററിന്റെ നടപടിയെയാണ് രാഹുല്‍ വിമര്‍ശിച്ചത്.
തന്റെ അക്കൗണ്ട് അടച്ചുകൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയില്‍ ട്വിറ്റര്‍ ഇടപെടുകയാണെന്നും തങ്ങളുടെ രാഷ്ട്രീയം നിര്‍വ്വചിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്കത് ഇഷ്ടമല്ലെന്നും രാഹുല്‍ പറഞ്ഞു.
” എന്റെ ട്വിറ്റര്‍ അടച്ചുകൊണ്ട് അവര്‍ നമ്മുടെ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടുന്നു. ഞങ്ങളുടെ രാഷ്ട്രീയം നിര്‍വചിക്കാനാണ് കമ്പനി ശ്രമം നടത്തുന്നുന്നത്, ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ എനിക്ക് അത് ഇഷ്ടമല്ല,” രാഹുല്‍ പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് ട്വിറ്ററിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മള്‍ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
” ഈ കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുമാത്രം ഞങ്ങളുടെ രാഷ്ട്രീയം നിര്‍വ്വചിക്കാന്‍ ഞങ്ങള്‍ കമ്പനികളെ അനുവദിക്കണമെന്നാണോ? അതാണോ വരാന്‍ പോകുന്നത്? അതോ നമ്മള്‍ നമ്മുടെ രാഷ്ട്രീയം സ്വയം നിര്‍വചിക്കാന്‍ പോവുകയാണോ?” അദ്ദേഹം ചോദിച്ചു.
കഴിഞ്ഞദിവസം, കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തിരുന്നു. ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്തതിന് പുറമെ , അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ ഹാന്റിലും കമ്പനി ലോക്ക് ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പാര്‍ട്ടിയുടെ അക്കൗണ്ട് ലോക്ക് ചെയ്യുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടും കമ്പനി പൂട്ടിയിരുന്നു. കമ്പനിയുടെ നയം ലംഘിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തങ്ങള്‍ നീക്കം ചെയ്യുകയും അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ട്വിറ്റര്‍ ഇന്ത്യ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ചതിന് പിന്നാലെയാണ് ട്വിറ്റര്‍ ചിത്രം അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും പിന്നാലെ അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തത്.
ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ട്വിറ്ററിന്റെ നടപടി. രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.