ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കും; കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി
Kerala News
ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കും; കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2020, 6:48 pm

തിരുവനന്തപുരം: കാസര്‍കോട് രോഗികള്‍ക്ക് മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകാന്‍ അതിര്‍ത്തി തുറന്നുകൊടുക്കാത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രധാനപ്പെട്ട രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കും. ഇതിനായി ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

ഇന്നും ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു രോഗി മരിച്ചിരുന്നു. ഉപ്പള സ്വദേശി അബ്ദുള്‍ സലീ(69) മാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടുദിവസം മുമ്പാണ് അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ വച്ച് കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം അതിര്‍ത്തികള്‍ അടച്ചതിനാല്‍ 13 പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്.

അതേസമയം കേരളത്തില്‍ ഇന്ന് പുതുതായി 12 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ 4,കാസര്‍ഗോഡ് 4, കൊല്ലം, തിരുവനന്തപുരം ഓരോ ആളുകളും, മലപ്പുറത്ത് 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച ആളുകളില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. ഇതുവരെ 357 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

WATCH THIS VIDEO: