| Sunday, 5th May 2019, 10:04 am

''നായ്ക്കളെ അടിക്കുന്നതുപോലെ അടിച്ചു കൊല്ലും''; തൃണമൂല്‍ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ബംഗാള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ഭീഷണിയുമായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയും നിലവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഭാരതി ഘോഷ്.

തൃണമൂല്‍ നേതാവ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും ഇനിയുമിത് തുടര്‍ന്നാല്‍ നായ്ക്കളെ അടിച്ചുകൊല്ലുന്നതുപോലെ കൊല്ലുമെന്നുമായിരുന്നു ഭാരതി ഘോഷ് പറഞ്ഞത്.

ഒരുകാലത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത ആളായിരുന്ന ഇവര്‍ ചില വിവാദങ്ങളുടെ പശ്ചാലത്തില്‍ പൊലീസില്‍ നിന്ന് രാജിവെക്കുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു.

ഭാരതി ഘോഷിന്റെ പ്രസ്താവനക്കെതിരെ മമതാ ബാനര്‍ജി തന്നെ രംഗത്തെത്തി. ലക്ഷ്മണ രേഖ കടക്കരുതെന്നും താങ്കള്‍ക്കെതിരെ സംസാരിപ്പിക്കാന്‍ എന്റെ വാ തുറപ്പിക്കരുതെന്നുമായിരുന്നു മമതാ ബാനര്‍ജി പറഞ്ഞത്.

വിഷയത്തില്‍ ഭാരതി ഘോഷിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടുമെന്നും തൃണമൂല്‍ നേതൃത്വം പ്രതികരിച്ചു.

പത്തോളം പരാതികള്‍ ഭാരതി ഘോഷിനെതിരെ വന്നതിന് പിന്നാലെയാണ് അവര്‍ സേനയില്‍ നിന്നും രാജിവെക്കുന്നത്. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് വന്‍ തോതില്‍ സ്വര്‍ണം വാങ്ങിയ കേസുള്‍പ്പെടെ ഇതില്‍ പെടും.

2017 ഡിസംബര്‍ 26 ന് ഇവരെ വെസ്റ്റ് മിഡ്‌നാപൂരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇവര്‍ പൊലീസ് സേനയില്‍ നിന്നും രാജിവെച്ചു. ഇവര്‍ക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ബംഗാളിലെ ഘട്ടാലില്‍ തൃണമൂല്‍ എം.പിയായ ദീപക് അധികാരിക്കെതിരെയാണ് ഇവര്‍ മത്സരിക്കുന്നത്. ശനിയാഴ്ച ഘട്ടാലില്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ നടത്തുന്നതിനിടെയാണ് തൃണമൂല്‍ പ്രവര്‍ത്തകനെതിരെ ഭീഷണിയുമായി ഭാരതി എത്തിയത്.

ബി.ജെ.പിക്കാര്‍ മെയ് 12 ന് വോട്ട് ചെയ്താല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു ഇവര്‍ അസഭ്യ വര്‍ഷം നടത്തിയത്.

” തൃണമൂലുകാര്‍ ഇനി ഞങ്ങളുടെ ഏതെങ്കിലും പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയാല്‍ അവരുടെ വീട്ടില്‍ പോയി നായ്ക്കളെ വലിച്ചിറക്കുന്നതുപോലെ അവരെ വലിച്ചിറക്കിക്കൊണ്ടുവരും. അടിച്ചുകൊല്ലാന്‍ ഞങ്ങള്‍ക്ക് മടിയില്ല. ആയിരക്കണക്കിന് ആണുങ്ങളെ യു.പിയില്‍ നിന്നും ഞങ്ങള്‍ ഇറക്കും. – എന്നായിരുന്നു ഭാരതി പറഞ്ഞത്.

എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ തികച്ചും നിര്‍ഭാഗ്യകരമാണെന്നും ഇതല്ല രാഷ്ട്രീയരീതിയെന്നും തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദേവ് പ്രതികരിച്ചു. ” ഭാരതി ദീദിയോടുള്ള എല്ലാ ബഹുമാനവും ഇല്ലാതായിരിക്കുന്നു. പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് അവരെ കണ്ടത്. പക്ഷേ ഇത്തരം വാക്കുകള്‍ നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതല്ല. ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ഒരു ജനപ്രതിനിധിയെ വേണോ എന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കും”- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more