തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിയില്‍ നിന്ന് മതിയായ സേവനം ലഭിച്ചിട്ടുണ്ട് എന്ന് സി.എം.ആല്‍.എല്‍ കമ്പനി വ്യക്തമാക്കുന്ന അഫിഡവിറ്റ് തന്റെ പക്കലുണ്ടെന്നും അത് ഹാജരാക്കിയാല്‍ പണി നിര്‍ത്തുമോ എന്നും ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകനോട് സി.പി.ഐ.എം. കേന്ദ്ര കമ്മറ്റി അംഗം എ.കെ. ബാലന്‍.
ഐ.ടിയുമായി ബന്ധപ്പെട്ടും സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റുമായി ബന്ധപ്പെട്ടും മതിയായ സേവനം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് സി.എം.ആര്‍.എല്‍ സെറ്റില്‍മെന്റ് ബോര്‍ഡ് മുമ്പാകെ അഫിഡവിറ്റ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇന്‍കം ടാക്‌സ് റെയ്ഡ് വന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന്‍ ഭയപ്പെട്ട് പറഞ്ഞ കാര്യങ്ങളാണ് സെറ്റില്‍മെന്റ് ബോര്‍ഡ് മുഖവിലക്കെടുത്തതെന്നും എ.കെ. ബാലന്‍ പറഞ്ഞു. ചെയ്യാത്ത സേവനത്തിന് ലഭിച്ച പണത്തിന് നികുതിയടച്ചാല്‍ പ്രശനം തീരുമോ എന്ന ഏഷ്യാനെറ്റിന്റെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. വിവാദങ്ങള്‍ അവസാനിക്കുന്നില്ലെന്നും തങ്ങള്‍ ഇത് തുടരാനാണ് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നുണക്കച്ചവടത്തിന്റെ ഹോള്‍സെയ്ല്‍ ഏജന്റുമാരാണ് യു.ഡി.എഫും കോണ്‍ഗ്രസുമെന്നും എ.കെ. ബാലന്‍ പറഞ്ഞു. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് സി.എം.ആര്‍.എല്ലില്‍ നിന്ന് വീണ വിജയന്‍ കൈപറ്റിയ പണത്തിന് നികുതി അടിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക മറുപടി ലഭിച്ച പശ്ചാത്തലത്തില്‍ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ മാപ്പ് പറയുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എ.കെ.ജി. ഭവന് മുന്നില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നുണ പ്രചരണങ്ങള്‍ നടത്തുന്നത് പത്ര ദൃശ്യ മാധ്യമങ്ങളുടെ ധര്‍മമല്ല എന്ന് മാധ്യമങ്ങള്‍ക്ക് ബോധ്യമില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇത്തരം നുണപ്രചരണങ്ങള്‍ ദിവസേന നടത്തിയായും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരു രൂപത്തിലുള്ള പോറലുമേല്‍ക്കില്ല. ഇതവസാനിപ്പിക്കുന്നതാണ് നല്ലത്.
മാത്യു കുഴല്‍നാടന്‍ മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക. അദ്ദേഹമത് ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്നും അത് അദ്ദേഹത്തിന് നല്‍കാമെന്നും ഞാന്‍ അദ്ദേഹത്തോട് നേരത്തെ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരിമായ കത്ത് നല്‍കിയത്. അത് കൊണ്ടാണ് ആ മറുപടി വരുന്നത് വരെ കാത്തുനില്‍ക്കേണ്ടി വന്നത്. അതിനിടയില്‍ ഞങ്ങള്‍ രേഖകള്‍ നല്‍കുന്നത് ശരിയല്ല. ഇപ്പോള്‍ ഔദ്യോഗികമായ മറുപടി ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹം മാപ്പ് പറയുന്നതാണ് നല്ലത്,’ എ.കെ. ബാലന്‍ പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ മാപ്പ് പറയുന്നതിന് വേണ്ടി മാധ്യമങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്നും എ.കെ. ബാലന്‍ പറഞ്ഞു. ‘മാത്യു കുഴല്‍നാടന്‍ മാപ്പ് പറയുന്നതിന് വേണ്ടി നിങ്ങളും സമ്മര്‍ദം ചെലുത്തണം. കാരണം ഈ നുണ ഇനിയിങ്ങനെ പറയരുത്. അത് അനുവദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. നുണക്കച്ചവടത്തിന്റെ ഹോള്‍സെയ്ല്‍ ഏജന്റാകുകയാണ് യു.ഡി.എഫും കോണ്‍ഗ്രസും. എന്തൊരു ഗതികേടാണിത്,’ എ.കെ. ബാലന്‍ ചോദിച്ചു.
CONTENT HIGHLIGHTS; will this work be stopped? AK Balan to Asianet journalist