| Monday, 10th January 2022, 5:28 pm

കോടതിയിലെ തീപ്പൊരി ഡയലോഗുകള്‍ ഉണ്ടാവുമോ ?; ചര്‍ച്ചയായി നാരദനിലെ രണ്‍ജി പണിക്കറുടെ ക്യാരക്ടര്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തീപൊരി ഡയലോഗുകളിലൂടെയും സിനിമകളിലൂടെയും ആരാധകരുടെ ഇഷ്ട എഴുത്തുകാരനായ വ്യക്തിയാണ് രണ്‍ജി പണിക്കര്‍. പിന്നീട് അഭിനേതാവായപ്പോഴും മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാരദനിലെ രണ്‍ജി പണിക്കരുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അഡ്വക്കേറ്റ് ഗോവിന്ദമേനോന്‍ എന്ന കഥാപാത്രമായിട്ടാണ് രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ എത്തുന്നത്.

മുമ്പ് രണ്‍ജി പണിക്കറുടെ സ്‌ക്രിപ്റ്റില്‍ തീപൊരി ഡയലോഗുകള്‍ നായകന്‍മാര്‍ തിയേറ്ററില്‍ പറഞ്ഞ പോലെ ഉണ്ണി ആറിന്റെ കിടിലന്‍ ഡയലോഗുകള്‍ കോടതിയില്‍ രണ്‍ജി പണിക്കര്‍ പറയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്യുന്ന നാരദന്‍ ജനുവരി 27 ന് റിലീസ് ചെയ്യും. നേരത്തെ ടൊവിനോ, അന്ന ബെന്‍, ഷറഫുദ്ധീന്‍ തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മിന്നല്‍മുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്.

വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം.

ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

ടൊവിനോ തോമസ് ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുകയെന്ന സംശയവും ഉയര്‍ന്നിരുന്നു. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Will there be firey dialogues in court ?; Character poster of Ranji Panicker’s from Naradan Movie Viral

We use cookies to give you the best possible experience. Learn more