| Saturday, 10th February 2024, 12:21 pm

ഭരണഘടനയെങ്കിലും ബാക്കിയുണ്ടാകുമോ; ആശങ്ക പങ്കുവെച്ച് അതിരൂപതയുടെ മുഖപ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഈ വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പോടെ ഇന്ത്യന്‍ ഭരണഘടനയിലും ഭരണഘടനാ സ്ഥാപനങ്ങളിലും സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളില്‍ ആശങ്കയുള്ളതായി ഇരിങ്ങാലക്കുട അതിരൂപത മുഖപത്രമായ ‘കേരള സഭ’. മുഖപത്രത്തിന്റെ ഫെബ്രുവരി ലക്കത്തിലെ മുഖപ്രസംഗത്തിലാണ് ഈ ആശങ്ക പങ്കുവെച്ചത്.

ഗാന്ധിജിയെ ഉദ്ധരിച്ച് പ്രധാനമന്ത്രിയെ പരോക്ഷമായി വിമര്‍ശിക്കുകയാണ് മുഖപ്രസംഗം ചെയ്യുന്നത്. ക്രൈസ്തവര്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ജനുവരി മാസത്തിലാണെന്നും മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ അവിടേക്ക് പ്രധാനമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്നും മുഖപ്രസംഗം പറഞ്ഞു.

അയോധ്യയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്ന ജനുവരിയില്‍ തന്നെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് 17 ക്രൈസ്തവരെ ജയിലില്‍ അടച്ചുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ദിവസം മധ്യപ്രദേശിലെ ജാബുവാ ജില്ലയിലെ ക്രൈസ്തവ പള്ളിക്ക് മുകളില്‍ ഹിന്ദുത്വവാദികള്‍ കാവിക്കൊടി കെട്ടി ജയ ശ്രീറാം വിളിച്ചതിലും മുഖപ്രസംഗം ആശങ്ക പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും വികസിത ഭാരതത്തെയും കുറിച്ചെല്ലാം പറയുമ്പോള്‍ നാളെയെ പറ്റിയോര്‍ത്ത് ഭീതിയോടെ കഴിയുന്ന ജനകോടികള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലുണ്ടെന്നും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു.

Content Highlight: Will the Constitution at least remain; Iringalakuda Archdiocese expressing concern

We use cookies to give you the best possible experience. Learn more