ന്യൂദല്‍ഹി: കയ്യേറ്റക്കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബി.ജെ.പി എം.പിയെ അയോഗ്യനാക്കാത്തതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. സൂറത് കോടതി അപകീര്‍ത്തിക്കേസില്‍ ശിക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയെന്നും ബി.ജെ.പി എം.പി രാം ശങ്കര്‍ കത്തേരിയയെ എപ്പോള്‍ അയോഗ്യനാക്കുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘രാം ശങ്കര്‍ കതേരിയ ശിക്ഷിക്കപ്പെട്ടു. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന് സൂറത് കോടതി വിധിയെഴുതി, 24 മണിക്കൂറിനുള്ളില്‍ തന്നെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി.
കത്തേരിയയുടെ അംഗത്വം റദ്ദാക്കുമോ ഇല്ലയോ എന്ന് നോക്കാം. എത്രത്തോളം നിഷ്പക്ഷമായി ലോക്‌സഭ സ്പീക്കര്‍ ഇടപെടുമെന്ന് നോക്കാം. രാഹുല്‍ ഗാന്ധിയുടെ അംഗത്വം എപ്പോള്‍ പുനസ്ഥാപിക്കുമെന്നും കാണാം,’ ദിഗ്‌വിജയ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള എം.പിയായ കത്തേരിയക്ക് 2011ലെ ഓഫീസ് ആക്രമണ കേസുമായി ബന്ധപ്പെട്ടാണ് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ആഗ്രയിലെ എം.പി/എം.എല്‍.എ കോടതിയിലെ പ്രത്യേക മജിസ്‌ട്രേറ്റിന്റേതാണ് വിധി.
ഐ.പി.സി സെക്ഷന്‍ 147(കലാപമുണ്ടാക്കല്‍), 323(മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.
2011 നവംബര്‍ 16ന് ടോറന്റ് പവര്‍ എന്ന കമ്പനിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു എന്നതാണ് കേസ്. അതേസമയം വിധിക്കെതിരെ നിയമപരമായ വഴികള്‍ തേടുമെന്നും കേസില്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്നും കത്തേരിയ പറഞ്ഞു.