| Monday, 17th February 2020, 5:50 pm

'ഞങ്ങളുടെ നേതാക്കളെ മോചിപ്പിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ല'; നിലപാട് അറിയിച്ച് ജമ്മുകശ്മീര്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മുകശ്മീര്‍: തടങ്കലില്‍ കഴിയുന്ന നേതാക്കളെ സ്വതന്ത്രമാക്കിയാല്‍ മാത്രമേ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി സഹകരിക്കുകയുള്ളൂവെന്ന് ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് പാര്‍ട്ടി. ജമ്മുകശ്മീരില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മീര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ച്ച് 5 മുതല്‍ എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീരില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നേതാക്കളെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയുള്ളുവെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

‘ഞങ്ങള്‍ക്ക് സ്വതന്ത്രമായി നീങ്ങാന്‍ കഴിയുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ എനിക്ക് പോലും സംസ്ഥാനത്തിന് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല.’ ഗുലാം അഹമ്മദ് മിര്‍ പറഞ്ഞു.

നേതാക്കളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുകൊണ്ട് തന്നെ ജമ്മുകശ്മീരിലെ ഒരു പാര്‍ട്ടിക്കും ജനങ്ങളോട് സംവദിക്കാനോ അവരെ സംഘടിപ്പിക്കാനോ കഴിയുന്നില്ലെന്നും അതിന് ബി.ജെ.പിക്ക് മാത്രമേ കഴിയുന്നുള്ളൂവെന്നും മിര്‍ ആരോപിച്ചു.

മാര്‍ച്ച് 5,7,9,12,14,16,18,20 എന്നീ തിയ്യതികളിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മുകശ്മീരില്‍ 2018 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നും പി.ഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും വിട്ടുനിന്നിരുന്നു.

ജമ്മുകശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ്. മുന്‍മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, മുന്‍ ഐ.എ.എസ് ഉദ്യാഗസ്ഥന്‍ ഷാ ഫൈസല്‍ എന്നിവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമവും ചുമത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more