| Tuesday, 13th August 2024, 4:18 pm

ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ലാഡ്ലി ബെഹ്ന പദ്ധതി പ്രകാരം നല്‍കിയ തുക തിരിച്ചെടുക്കും: മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ലാഡ്ലി ബെഹ്ന പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത 1,500 രൂപ സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്ന ഭീഷണിയുമായ മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ രവി റാണ.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതിക്കായി ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ 25,000 കോടി രൂപ വകയിരുത്തിയിരുന്നുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമരാവതിയില്‍ പ്രസ്തുത പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ബി.ജെ.പി നേതാവ് നവ്നീത് റാണയുടെ ഭര്‍ത്താവ് കൂടിയായ എം.എല്‍.എ റാണ ഈ പരാമര്‍ശം നടത്തിയത്.

സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പദ്ധതി പ്രകാരമുള്ള തുക 1,500 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്തുമെന്നും റാണ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ‘സഹോദരിമാര്‍’ തനിക്ക് വോട്ട് ചെയ്യാതിരുന്നാല്‍ ഈ തുക താന്‍ പിന്‍വലിക്കുമെന്നായിരുന്നു റാണയുടെ പ്രസ്താവന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 30 സീറ്റുകളും ഇന്ത്യ സഖ്യം നേടിയപ്പോള്‍ എന്‍.ഡി.എയ്ക്ക് 17 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്.

അതേസമയം വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ സ്ത്രീകളെ വഞ്ചിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 1,500 രൂപ നല്‍കി അവരുടെ വോട്ടുകള്‍ വാങ്ങാനും ശ്രമിക്കുകയാണ് റാണയെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ വിജയ് വാദെട്ടിവാര്‍ പറഞ്ഞു.

‘റാണ അവിടെ പറഞ്ഞത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിമാരുടെയും മനസ്സാണ്… നമ്മുടെ സഹോദരിമാര്‍ വെറും 1,500 രൂപയ്ക്ക് വോട്ട് വില്‍ക്കുമെന്നാണോ അവര്‍ കരുതുന്നത്?’, വിജയ് വാദെട്ടിദാര്‍ ചോദിച്ചു.

Content Highlight: Will Take Back Laadli Behna Scheme if Sisters Don’t Vote for BJP’: Maharashtra MLA

We use cookies to give you the best possible experience. Learn more