| Wednesday, 14th December 2022, 6:22 pm

പാഠ്യപദ്ധതിയില്‍ തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ നിയമനടപടി; ലീഗ് നേതാവിന്റെ പരാമര്‍ശം സംസ്‌കാരശൂന്യം: മന്ത്രി ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി. ശിവന്‍കുട്ടി.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ ഒരു ലീഗ് നേതാവില്‍ നിന്ന് സംസ്‌കാരശൂന്യവും വസ്തുതാ വിരുദ്ധവും സമനില തെറ്റിയതുമായ പരാമര്‍ശം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതാവിന്റെ പരാമര്‍ശങ്ങളോടുള്ള നിലപാട് മുസ്‌ലിം ലീഗ് വ്യക്തമാക്കണം. പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു.

ലീഗ് നേതാവിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്കുള്ള കുറിപ്പില്‍ ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടി ആക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും നിയമസഭയില്‍ മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ശരി എന്തെന്ന് ബോധ്യപ്പെട്ടു.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുതരത്തിലുള്ള പിന്നോട്ടു പോക്കും നടത്തിയിട്ടില്ല. മറിച്ച് സുതാര്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. മിക്‌സഡ് സ്‌കൂള്‍ സംബന്ധിച്ചും യൂണിഫോം സംബന്ധിച്ചും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.

സ്‌കൂളും അധ്യാപക-രക്ഷകര്‍തൃ സമിതിയും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് എടുക്കുന്ന തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും. പാഠ്യപദ്ധതി പരിഷ്‌കരണ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. സുതാര്യമായി തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും,’ മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്സില്‍ ഒരുമിച്ചിരുന്നു പഠിക്കുന്നതിനെക്കുറിച്ചുള്ള മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ വിമര്‍ശനം അപഹാസ്യവും വികലവുമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവിയും പറഞ്ഞു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന.

പുതിയ പാഠ്യപദ്ധതി മതവിശ്വാസത്തെയും ധാര്‍മികതയെയും തകര്‍ക്കുമെന്നും, കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്നും രണ്ടത്താണി ചോദിച്ചു. കണ്ണൂരില്‍ യു.ഡി.എഫിന്റെ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയാല്‍ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം.

ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താല്‍ എങ്ങനെയുണ്ടാകും ആ നാടിന്റെ സംസ്‌കാരം? ഇവര്‍ക്കാവശ്യം എന്താണ്? ധാര്‍മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്.

സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,” എന്നാണ് പ്രസംഗത്തില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്.

Content Highlight: Will take action against those spreading misconceptions about Curriculum reform under consideration Minister Sivankutty

We use cookies to give you the best possible experience. Learn more