പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി: ഡി.ജി.പി
Kerala News
പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി: ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th March 2020, 7:22 am

തിരുവനന്തപുരം: പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അത്തരം സംഭവങ്ങള്‍ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്കും ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാല്‍ വിതരണക്കാര്‍, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ബേക്കറിയും മരുന്നുകടകളും പൊലീസ് അടപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ഡി.ജിപി പറഞ്ഞു. പൊലീസുകാര്‍ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാരെയും പാവപ്പെട്ടവരേയും സഹായിക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നേരത്തെ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

WATCH THIS VIDEO: