കൊല്‍ക്കത്ത: എവിടെയാണോ കോണ്‍ഗ്രസ് ശക്തമായിട്ടുള്ളത് അവിടെ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. അതേസമയം കോണ്‍ഗ്രസ് തൃണമൂലിനെതിരെ പോരാടുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘കോണ്‍ഗ്രസ് എവിടെയാണോ ശക്തമായിട്ടുള്ളത് അവിടെ അവരെ പിന്തുണക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ബംഗാളില്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കെതിരെ പോരാടുന്ന നിലപാട് അവര്‍ അവസാനിപ്പിക്കണം.
കോണ്‍ഗ്രസ് ശക്തമായുള്ളിടത്ത് അവരെ പോരാടാന്‍ അനുവദിക്കും. അതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ അവരും മറ്റ് പാര്‍ട്ടികളെ പിന്തുണക്കാന്‍ തയ്യാറാകണം. ഞാന്‍ നിങ്ങള്‍ക്ക് കര്‍ണാടകയില്‍ പിന്തുണ നല്‍കി. എന്നാല്‍ നിങ്ങള്‍ എപ്പോഴും എനിക്കെതിരെ പോരാടുന്നു. അത് ശരിയല്ല.
നിങ്ങള്‍ക്ക് നല്ലതെന്തെങ്കിലും ലഭിക്കണമെങ്കില്‍ നിങ്ങളും ചിലയിടങ്ങളില്‍ ത്യാഗം ചെയ്യാന്‍ തയ്യാറാകണം,’ മമത പറഞ്ഞു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് ക്രമീകരണം അന്തിമ ഘട്ടത്തിലല്ലെന്നും ഇനിയും ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശക്തമായി നില്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കും പരിഗണന നല്‍കണമെന്നും മമത പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം മമത കര്‍ണാടകയിലെ വോട്ടര്‍മാരെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
‘അഹങ്കാരം, വിവേചനപരമായ പെരുമാറ്റം, സാധാരണ മനുഷ്യരോടുള്ള ബി.ജെ.പിയുടെ ക്രൂരതകള്‍ തുടങ്ങിയവയാണ് ഇന്നത്തെ റിസള്‍ട്ടിലേക്ക് നയിച്ചത്.
ബി.ജെ.പിക്കെതിരെ വോട്ട് ചെയ്ത കര്‍ണാടകയിലെ വോട്ടര്‍മാരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു,’ എന്നാണ് അന്ന് മമത പറഞ്ഞത്.
content highlight: Will support where strong; They too should be ready to support other parties: Mamata Banerjee