മുംബൈ: ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന് എന്‍.സി.പി നേതൃയോഗത്തില്‍ ആവശ്യം. മകനും യുവനേതാവുമായ ആദിത്യ താക്കറെയെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പിന്തുണയ്ക്കില്ലെന്നും നേതൃയോഗത്തില്‍ വ്യക്തമാക്കി.
ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍.സി.പി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യം ഉദ്ധവിനെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ നിലപാട് അറിഞ്ഞശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തൂവെന്നും എന്‍.സി.പി തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേനയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു. ഉദ്ധവ് താക്കറെയുടെ പേരാണു പ്രഥമ പരിഗണനയിലുള്ളതെങ്കിലും ആദിത്യ താക്കറെയും ആ പദവിയിലേക്കു പരിഗണിക്കപ്പെടുന്നുണ്ടെന്ന് ശിവസേനാ നേതാക്കള്‍ തന്നെ പലതവണയായി പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ആദിത്യ തന്നെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ രാഹുല്‍ എന്‍. കനല്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയ്ക്കൊപ്പം നില്‍ക്കുന്ന ആദിത്യയുടെ ബാല്യകാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.