|

കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ പിന്തുണക്കും; എന്നാല്‍ കൈയേറ്റക്കാരെ കൈകാര്യം ചെയ്യേണ്ട രീതി വേറെ: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും രണ്ടായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുടിയേറ്റക്കാരെ നിയമപരമായി സംരക്ഷിക്കണമെന്നും അവര്‍ക്ക് പട്ടയം നല്‍കാനുള്ള തടസങ്ങള്‍ മാറ്റണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

എന്നാല്‍ കൈയേറ്റക്കാരെ കൈകാര്യം ചെയ്യേണ്ട രീതി വേറെയാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ഇടുക്കിയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ കൈയേറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരുന്തുംപാറ, വാഗമണ്‍, ചൊക്രമുടി, ചിന്നക്കനാല്‍, മാങ്കുത്തിമേട്, അണക്കരമേട്, കൊട്ടക്കമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൈയേറ്റം നടന്നിട്ടുണ്ട്.

2022 മുതല്‍ പരുന്തുംപാറ, വാഗമണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ കൈയേറ്റം സംബന്ധിച്ച് വില്ലേജ് ഓഫീസറും താലൂക്ക് സര്‍വെയറും പീലിമേട് തഹസില്‍ദാര്‍ക്ക് നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും ഒരു നടപടി പോലും സ്വീകരിച്ചിട്ടില്ല. വ്യാജ പട്ടയങ്ങള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമികള്‍ കൈയേറുകയാണ് ഈ മേഖലകളില്‍ ചെയ്തിരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സംഭവം വിവാദമായപ്പോള്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന ബോര്‍ഡ് മാത്രം സ്ഥാപിച്ചു. എന്നാല്‍ അത് കൈയേറ്റക്കാര്‍ തന്നെ എടുത്ത് തോട്ടില്‍ കളയുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇത്രയധികം പരാതികള്‍ ഉയര്‍ന്നിട്ടും ഭൂസംരക്ഷണ വകുപ്പ് പ്രകാരം കൈയേറ്റക്കാര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ചൊക്രമുടിയില്‍ രണ്ടിടത്ത് കൈയേറ്റമുണ്ട്. ഒരു മേഖലയില്‍ 13.71 ഏക്കര്‍ ഭൂമി റദ്ദ് ചെയ്തുവെന്നും ഈ നടപടിയെ അംഗീകരിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. എന്നാല്‍ ആരാണ് ഭൂമി കൈയേറിയത്? ഇടുക്കിയില്‍ കൈയേറ്റം നടത്തുന്നവരുടെ പേരുകള്‍ പറഞ്ഞാല്‍ വലിയ വിവാദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊക്രമുടിയില്‍ ഭൂമി കൈയേറിയത് മദിരാശിയില്‍ നിന്നുള്ള ഒരാളാണെന്നും കൊട്ടക്കമ്പൂരില്‍ ഇയാള്‍ 344.4 ഏക്കര്‍ ഭൂമി കൈയേറിയെന്ന് തഹസില്‍ദാരും ജില്ലാ കളക്ടര്‍ അടക്കമുള്ള ആളുകള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ചിന്നക്കനാല്‍, വട്ടവട, കാന്തല്ലൂര്‍, മാങ്കുളം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമാഫിയ കൈയേറിയെന്നാണ് റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇടുക്കിയിലെ ഒരു ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥനാണ് ഈ കൈയേറ്റത്തിന് പിന്തുണ നല്കുന്നതെന്നതും ജില്ലാ സെക്രട്ടറി പറഞ്ഞതായി വി.ഡി. സതീശന്‍ പ്രതികരിച്ചു.

കല്ലമ്പലം, പച്ചപ്പുല്ല്, ഉപ്പള തുടങ്ങിയ സ്ഥലത്ത് കൈയേറ്റക്കാര്‍ പാറ പൊട്ടിച്ച് 2.5 കിലോമീറ്റര്‍ നീളത്തില്‍ പത്ത് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണ്ടിട്ട് അനങ്ങാതെ ഇരിക്കുന്ന സര്‍ക്കാര്‍ അനങ്ങാപ്പാറയല്ലേ എന്നതിലാണ് സംശയമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നടപടി എടുക്കാന്‍ കഴിയാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നും ഇക്കാര്യം സര്‍ക്കാരിന് നിഷേധിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

Content Highlight: Will support protecting immigrants: V.D. Satheesan