ന്യൂദല്‍ഹി: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.ജെ.പിയെ തടയുകയാണ് ബി.എസ്.പിയുടെ ലക്ഷ്യമെന്നും മായാവതി പറഞ്ഞു.
മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. ആവശ്യമെങ്കില്‍ രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കും. ബി.ജെപി മൂലം ജനം പൊറുതിമുട്ടി. കോണ്‍ഗ്രസിന്റെ വിജയം ബി.ജെ.പിയോടുള്ള വിരോധം മൂലമാണെന്നും മായാവതി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബി.എസ്.പി മികച്ച പ്രകടനം കാഴ്ചവെച്ചു. ചത്തീസ്ഗഡില്‍ മാത്രമാണ് പാര്‍ട്ടി അല്‍പം പിന്നോട്ടുപോയതെന്നും മായാവതി പറഞ്ഞു.
ഇന്നലെ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് മായാവതി രംഗത്തെത്തിയിരുന്നു.
കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇന്നലെ തന്നെ ബി.എസ്.പിയില്‍ നിന്ന് വിജയിച്ച എല്ലാ എം.എല്‍.എമാരെയും മായാവതി ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം പോരാടുന്ന മധ്യപ്രദേശില്‍ മായാവതിയുടെ ബി.എസ്.പിയുടെ തീരുമാനം നിര്‍ണായകമായിരുന്നു.
നേരത്തെ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മായാവതി മഹാസഖ്യത്തിനില്ലെന്ന നിലപാട് എടുത്തിരുന്നു.