ഗുജറാത്തിലെ പട്ടേല്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കില്ല; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍
Daily News
ഗുജറാത്തിലെ പട്ടേല്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കില്ല; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2017, 10:05 am

അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഗുജറാത്ത് പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍.

ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ വോട്ടുകള്‍ ഒന്നുപോലും ബി.ജെ.പിക്ക് ലഭിക്കില്ലെന്നും 22 വര്‍ഷത്തെ ബി.ജെ.പി ഭരണം ഗുജറാത്തില്‍ അന്ത്യം കുറിക്കുമെന്നും ഹാര്‍ദിക്പട്ടേല്‍ പറയുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പട്ടേല്‍ വിഭാഗത്തിന്റേയും ഒ.ബി.സി വിഭാഗങ്ങളുടേയും ആവശ്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുമെന്ന ഉറപ്പ് ലഭിച്ചതായും വിദ്യാഭ്യാസം തൊഴില്‍മേഖലകളിലെ സംവരണം ഉള്‍പ്പെടെ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അറിയിച്ചതായും ഹാര്‍ദിക് പട്ടേല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.


Dont Miss യുവാവിന്റെ കസ്റ്റഡി മരണത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിവെപ്പ്: ഗുജറാത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു


നവംബര്‍ 1 നും 3 നും ഇടയിലായി ഗുജറാത്തിലെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്നും ഹാര്‍ദിക് പട്ടേല്‍ പറയുന്നു.

ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നാക്കവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് അദ്ദേഹം നല്‍കുമെന്നാണ് താന്‍ കരുതുന്നത്. അങ്ങനെ വരുകയാണെങ്കില്‍ തീര്‍ച്ചയായും അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. – ഹാര്‍ദിക് പട്ടേല്‍ പറയുന്നു.

സംസ്ഥാന ജനസംഖ്യയുടെ 40 ശതമാനം പിന്നാക്കവിഭാഗക്കാരാണ്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോട്ട് ഉള്‍പ്പെടെയുള്ളവര്‍ പിന്നാക്കവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

നേരത്തെ ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂറും അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും പാര്‍ട്ടിക്കൊപ്പം ചേരുകയും ചെയ്തിരുന്നു.