ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാന്‍ തയ്യാറുള്ള ഏതു പാര്‍ട്ടിക്കും പിന്തുണ നല്‍കും; ജഗ്‌മോഹന്‍ റെഡ്ഡി
national news
ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാന്‍ തയ്യാറുള്ള ഏതു പാര്‍ട്ടിക്കും പിന്തുണ നല്‍കും; ജഗ്‌മോഹന്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2018, 10:25 am

പാസര്‍ലാപുടി: 2019ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പാര്‍ട്ടിയുടെ പിന്തുണ ആര്‍ക്കായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗ്‌മോഹന്‍ റെഡ്ഡി രംഗത്ത്. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാമെന്ന് ഉറപ്പ് നല്‍കുന്ന ഏതു പാര്‍ട്ടിക്കും പിന്തുണ നല്‍കുമെന്നാണ് ജഗ്‌മോഹന്‍ റെഡ്ഡി ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ആരുമായും സഖ്യത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജഗ്‌മോഹന്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ തയ്യാറാണെന്ന് രേഖാമൂലം ഉറപ്പു നല്‍കുന്ന ആര്‍ക്കും പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. തനിക്ക് ഒരു പാര്‍ട്ടിയോടും സഖ്യത്തിനോടും പ്രതിപത്തിയില്ലെന്നും മുന്‍കൂര്‍ ധാരണകള്‍ ഒന്നുമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ രാഷ്ട്രീയത്തിലേക്കു വരാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. മുന്നണികളുടെയോ സഖ്യക്ഷികളുടെയോ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജഗ്‌മോഹന്‍ പറയുന്നു.


Also Read: ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോദി നേടുന്നത് വോട്ടുകള്‍; സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്


ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് നേരത്തെയാകാനുള്ള സാഹചര്യത്തെ ഭയക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് നേരത്തെയാകുന്നതാണ് സംസ്ഥാനത്തിനും തങ്ങള്‍ക്കും നല്ലതെന്നും അദ്ദേഹം അറിയിച്ചു.

പവന്‍ കല്യാണിന്റെ ജന സേന പാര്‍ട്ടി തനിയെ മത്സരിക്കുന്നത് വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ഒരു വിധത്തിലും ബാധിക്കില്ലെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗ്‌മോഹന്‍ റെഡ്ഡി അറിയിച്ചു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും ജഗ്‌മോഹന്‍ അഭിമുഖത്തില്‍ ആഞ്ഞടിച്ചു. തൊഴിലില്ലായ്മ പൂര്‍ണ്ണമായും പരിഹരിക്കുമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നും വാഗ്ദാനം ചെയ്ത നായിഡുവും ടി.ഡി.പിയും അവയൊന്നും തന്നെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തെലുങ്ക് ദേശം പാര്‍ട്ടിയുടെ പിന്തുണയോടെ മണല്‍ മാഫിയ അമരാവതി പ്രദേശങ്ങളില്‍ അരങ്ങു വാഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രാമങ്ങളിലെ ജനാധിപത്യവ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


Also Read: എ.എം.എം.എയില്‍ ഇടതുപക്ഷ ജനപ്രതിനിധികള്‍ എന്തുകൊണ്ട് നിലപാടു വ്യക്തമാക്കിയില്ലെന്നു പരിശോധിക്കണം: വനിതാ കമ്മീഷന്‍


“തെരഞ്ഞെടുപ്പു വഴി അധികാരത്തിലേറിയ സര്‍പഞ്ചുകള്‍ക്കു യാതൊരു അധികാരവും ഇല്ലാതായിരിക്കുകയാണ്. ടി.ഡി.പി അംഗങ്ങള്‍ മാത്രമുള്ള ജന്മഭൂമി കമ്മിറ്റികളാണ് ഇവിടെ കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത്” ജഗ്‌മോഹന്‍ പറയുന്നു.

ജഗ്‌മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നടത്തി വരുന്ന പദയാത്ര 200 ദിവസവും 2400 കിലോമീറ്ററുകളും പിന്നിട്ടിരിക്കുകയാണ്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും വൈ.എസ്.ആറിന്റെ സുവര്‍ണ്ണകാലം തിരിച്ചുകൊണ്ടുവരുമെന്നുമാണ് ജഗ്‌മോഹന്റെ പ്രധാന വാഗ്ദാനങ്ങള്‍.