കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസമില്‍ പൗരത്വ നിയമം നടപ്പാക്കില്ല: രാഹുല്‍ ഗാന്ധി
Assam Assembly Election 2021
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസമില്‍ പൗരത്വ നിയമം നടപ്പാക്കില്ല: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 4:37 pm

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വം നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസമിലെ അദീബ്രുഗഢിലെ കോളെജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു രാഹുലിന്റെ പ്രസ്താവന.

‘ഒരു മതവും പരസ്പരം ശത്രുക്കളായിരിക്കണമെന്ന് പഠിപ്പിക്കുന്നില്ല. എന്നാല്‍ മതത്തെ ആയുധമാക്കി ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്’, രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതെന്നും എല്ലായിടത്തും വെറുപ്പ് പ്രചരിപ്പിക്കാനാണ് അവരുടെ ശ്രമങ്ങളെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം ബി.ജെ.പിയുടെ ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ എന്ത് വിലകൊടുത്തും തടയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസിനെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. നാഗ്പൂരില്‍ നിന്നുള്ള ചില ശക്തികള്‍ രാജ്യത്തെ അവരുടെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണന്നും രാജ്യത്തെ യുവജനങ്ങള്‍ എന്ത് വിലകൊടുത്തും അത്തരം ശ്രമങ്ങള്‍ തടയണമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. മാര്‍ച്ച് രണ്ടിന് അസമില്‍ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.

അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ച് വര്‍ഷം മുമ്പ് 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ബി.ജെ.പി പകരം നല്‍കിയത് സി.എ.എ ആണെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Will stop implementation of CAA in Assam if voted to power, says Rahul Gandhi