ലണ്ടന്‍: മുഖത്ത് മുറിവുകളാല്‍ വികൃതമാക്കപ്പെട്ട വില്ലന്‍ കഥാ പാത്രങ്ങളുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ പണം മുടക്കില്ലെന്ന് ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. മുഖത്ത് മുറിവുകളുള്ള ആളുകളെ സമൂഹത്തില്‍ തെറ്റായി ചിത്രീകരിക്കുന്ന പ്രവണത നിര്‍ത്താനായിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
സിനിമയില്‍ മുറിവുകളുള്ള മുഖങ്ങളെ വില്ലത്തരത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്ന തെറ്റായ പ്രവണത നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് “മാറുന്ന മുഖങ്ങള്‍” (changing face) എന്ന സംഘടന നടത്തുന്ന #IAmNotYourVillain എന്ന് ക്യാമ്പയ്ന്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ബി.എഫ്.ഐയുടെ തീരുമാനം.
പുര്‍ണതൃപ്തി തരാതെ ചിട്ടിയുടെ രണ്ടാം വരവ്
“സിനിമ എന്ന മാധ്യമം മാറ്റത്തിന്റെ ഉത്‌പ്രേരകമാണ്. അതിനാല്‍ മുറിവുകളും മുഖത്തെ പാടുകളും ഞങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയിലൂടെ തെറ്റായി പ്രതിനിധാനം ചെയ്യാന്‍ സമ്മതിക്കില്ല”- ബി.എഫ്.ഐ ഡെപ്യൂട്ടി സി.ഇ.ഒ ബെന്‍ റോബേട്‌സ് പറഞ്ഞു.
“വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിനിമാ മാധ്യമത്തിന് പൊതുസമൂഹത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. എന്നിട്ടും ദുഷ്ടത്തരത്തെ പ്രതിനിധീകരിക്കാന്‍ മുറിവുകളും പാടുകളും ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണ്”- മാറുന്ന മുഖത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബെക്കി ഹെവിറ്റ് പറഞ്ഞതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു.
ഇത്തരം ചിത്രീകരണം കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനം ഭയപ്പെടുത്തുന്നതാണെന്നും ബെക്കി കൂട്ടിച്ചേര്‍ത്തു. ബി.എഫ്.ഐ ഈയിടെ ആസിഡ് ആക്രമണം നേരിട്ട സ്ത്രീയുടെ കഥ പറയുന്ന “ഡേര്‍ട്ടി ഗോഡ്” എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു.