ലഖ്‌നൗ: അയോധ്യാക്കേസില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന വാദം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഡിസംബര്‍ ആറിനു തുടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി പള്ളി പൊളിച്ചത്. അതിനാല്‍ കെട്ടിടം തകര്‍ത്ത ദിവസം തന്നെ ക്ഷേത്രനിര്‍മാണം തുടങ്ങുകയെന്നതു യുക്തിപരമാണെന്ന് സാക്ഷി പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്‌നങ്ങളിലൂടെയാണ് ഈ സ്വപ്‌നം ഫലവത്താകുന്നത്.
ക്ഷേത്രനിര്‍മാണത്തില്‍ സഹായിക്കാന്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുപോലെ മുന്നോട്ടുവരികയാണു വേണ്ടത്. ബാബര്‍ വൈദേശീയ അക്രമിയാണെന്നും തങ്ങളുടെ പിതാമഹന്‍ അല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണം.’- സാക്ഷി അഭിപ്രായപ്പെട്ടു.
ഇന്നു കോടതിയില്‍ നടന്ന വാദത്തിനിടെ നാടകീയ രംഗങ്ങളുണ്ടായിരുന്നു. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വെച്ച് കീറിയെറിഞ്ഞത് ഏറെ വിവാദമായി.
വികാസ് നല്‍കിയ ഭൂപടവും രേഖകളുമാണു കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്ന് രാജീവ് പറഞ്ഞു.
ഇതേത്തുടര്‍ന്നു രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രതികരിച്ചത്. മാന്യത നശിപ്പിച്ചെന്ന് പറഞ്ഞ അദ്ദേഹം, രാജീവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.
കുനാല്‍ കിഷോര്‍ എഴുതിയ ‘അയോധ്യ പുനരവലോകനം’ എന്ന പുസ്തകത്തെക്കുറിച്ച് വികാസ് കോടതിയില്‍ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ പുസ്തകത്തില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ തെളിവായി സ്വീകരിക്കുന്നതിനെ രാജീവ് എതിര്‍ത്തു.
തുടര്‍ന്നാണ് രാമജന്മഭൂമി എവിടെയെന്നു പറയുന്ന ഭൂപടവും പുസ്തകത്തിന്റെ ഏതാനും പേജുകളും രാജീവ് വലിച്ചുകീറിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ ഇന്നു വൈകീട്ട് അഞ്ചുമണിയോടെയാണു വാദം അവസാനിക്കുന്നത്. കൂടുതല്‍ സമയം വേണമെന്ന് ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേസില്‍ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി ഇന്നുച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവംബര്‍ 17-നു മുന്‍പായി കേസില്‍ വിധിപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ. 17-നാണ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു പടിയിറങ്ങുക.
കേസില്‍ വാദം കേള്‍ക്കുന്ന തുടര്‍ച്ചയായ 40-ാം ദിവസമാണിന്ന്. വാദം തുടങ്ങിയതുമുതല്‍ ഡിസംബര്‍ 10 വരെ അയോധ്യ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ജില്ലയിലേക്കു വ്യോമമാര്‍ഗം അനുവാദമില്ലാതെ പ്രവേശിക്കുന്നതും ബോട്ടുകള്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. പടക്ക വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. അയോധ്യയുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കെ ഝാ അറിയിച്ചു.
അതിനിടെ ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ കോടതി ഇടപെടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയാണിത്. അനുവദിച്ച സമയത്തിനുള്ളില്‍ ഹര്‍ജി നല്‍കാത്തതിനാലാണു തള്ളിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി നാല്‍പ്പത്തഞ്ച് മിനിറ്റ് വീതം സമയം മാത്രമെ നല്‍കുള്ളൂവെന്നും കോടതി പറഞ്ഞിട്ടുണ്ട്.
നേരത്തെ കേസില്‍ സുപീംകോടതി ബെഞ്ചിന്റെ വിസ്താരത്തില്‍ രാജീവ് ധവാന്‍ അതൃപ്തി അറിയിച്ചിരുന്നു. ബെഞ്ച് തങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും എതിര്‍കക്ഷികളോട് എന്താണ് ചോദ്യങ്ങളൊന്നും ചോദിക്കാത്തതെന്നുമായിരുന്നു രാജീവിന്റെ ചോദ്യം.
എന്നാല്‍ രാജീവിന്റെ ചോദ്യത്തിന്, കോടതി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും താങ്കള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് എന്നാണ് കോടതി മറുപടി പറഞ്ഞത്.
2.77 ഏക്കര്‍ തര്‍ക്ക ഭൂമി രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കായി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്.