| Thursday, 5th April 2012, 10:51 am

സൈനിക അട്ടിമറി വാര്‍ത്ത: റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ടു കരസേനാ യൂണിറ്റുകള്‍ ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയെന്ന റിപ്പോര്‍ട്ട് സത്യമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്. ആറ് ആഴ്ചയോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും പത്രം വ്യക്തമാക്കി.

” ജനുവരി 16, 17 തിയതികളില്‍ രാത്രി ആര്‍മിയുടെ രണ്ട് പ്രധാന യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തുവെന്ന റിപ്പോര്‍ട്ട് ഏറെ പഠിച്ചശേഷം തയ്യാറാക്കിയതും വസ്തുനിഷ്ഠവുമാണ്. ആറ് ആഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് തയ്യാറാക്കിയത്.” ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

വളരെ വിശ്വസ്തമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടാണിതെന്നും വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കാന്‍ പത്രം ബാധ്യസ്ഥരാണെന്നും പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതിനായി സൈനികര്‍ക്ക് വിശദമായ ചോദ്യാവലി നല്‍കുകയും അവരുടെ പ്രതകരണങ്ങള്‍ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് ചെയ്യുകയുമാണുണ്ടായതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

സര്‍ക്കാരിലും പുറത്തുമുള്ള ചിലര്‍ ഈ റിപ്പോര്‍ട്ടിനെ ഭയപ്പെടുത്തുന്നത്, അടിസ്ഥാനരഹിതം എന്നൊക്കെ പറയുന്നുണ്ട്. ഇതെല്ലാം ആവശ്യമായ ചര്‍ച്ചകള്‍ മാത്രമായേ കണക്കാക്കുന്നുള്ളൂവെന്നും പ്രസ്താവനയില്‍ പറയുന്നു.

ജനുവരി 16,17 തീയതികളില്‍ ദല്‍ഹിയിലേക്ക് സംശയാപ്ദമായ സാഹചര്യത്തില്‍ സൈനീക നീക്കം നടന്നതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രായ വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് സുപ്രീം കോടതിയെ സമീപിച്ചത് ജനുവരി 16നായിരുന്നു. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും അറിയാതെയായിരുന്നു ഈ സൈനീക നീക്കം. ഹരിയാനയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള രണ്ട് സായുധ യൂണിറ്റുകളാണ് ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത്. ഹരിയാനയില്‍ നിന്നും 150 കിലോമീറ്റര്‍ സൈന്യം നീങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 16ന് ആരംഭിച്ച നീക്കം രഹസ്യാന്വേഷണ വിഭാഗം വഴി സര്‍ക്കാര്‍ അറിഞ്ഞത് വൈകിയാണ്. ഉടന്‍തന്നെ വഴികളില്‍ പരിശോധന നടത്തി സൈന്യം ദല്‍ഹിയില്‍ എത്തുന്നത് തടയുകയും തിരിച്ചുവിടുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 17ന് പുലര്‍ച്ചെ പ്രധാനമന്ത്രിയെ വിളിച്ചുണര്‍ത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തിര നടപടികളെടുത്ത് സൈന്യത്തെ തിരിച്ചയക്കുകയായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ സൈനിക അട്ടിമറിയെക്കുറിച്ചുള്ള ഭയസൂചനകള്‍ നിറഞ്ഞ പത്രവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും വിശദീകരണവുമായി പത്രം രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more