| Saturday, 25th July 2020, 4:41 pm

'രാഷ്ട്രപതി ഭവന് മുന്നില്‍ 21 ദിവസം ധര്‍ണയിരിക്കും'; എം.എല്‍.എമാരോട് തയ്യാറായിരിക്കാന്‍ ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണയിരിക്കുമെന്ന് ഗെലോട്ട് പറഞ്ഞു. ഇതുസംബന്ധിച്ച് എം.എല്‍.എമാര്‍ക്കും ഗെലോട്ട് നിര്‍ദേശം നല്‍കി. എന്തിനും തയ്യാറാകാനാണ് ഗെലോട്ടിന്റെ നിര്‍ദേശം.

രാജ്ഭവന് മുന്നില്‍ വേണ്ടി വന്നാല്‍ നമ്മള്‍ 21 ദിവസം ധര്‍ണ നടത്തും. ആവശ്യം വന്നാല്‍ അത് നടത്തിയേ തീരൂ. നമ്മള്‍ അവിടെ ഇരിക്കും’ ഗെലോട്ട് പറഞ്ഞു. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗെലോട്ട്. രാഷ്ട്രപതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് പുതിയ നീക്കവുമായി ഗെലോട്ട് രംഗത്തെത്തിയത്.

ഗവര്‍ണറില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കുന്നതുവരെ എല്ലാ എം.എല്‍.എമാരും ജയ്പൂരിലെ ഹോട്ടലില്‍ തന്നെ തുടരുമെന്നാണ് രാജസ്ഥാന്‍ ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സിങ് അറിയിച്ചത്.

ഗവര്‍ണര്‍ കല്‍രാജ് മിശ്ര ബി.ജെ.പിയെ സഹായിക്കുകയാണെന്നും ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുന്ന പക്ഷം എം.എല്‍.എമാരെ ഓരോരുത്തരായി പിടിക്കുക വഴി ഭൂരിപക്ഷം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കോടതിയില്‍ നിന്നോ ഗവര്‍ണറില്‍ നിന്നോ ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല, എത്രനാള്‍ കാത്തിരിക്കേണ്ടിവന്നാലും ഞങ്ങള്‍ക്ക് എം.എല്‍.എമാരുള്ളതിനാല്‍ അവസാന വിജയം നമ്മുടേതായിരിക്കും.

ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും. എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പോയി ചുമതലകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പക്ഷേ എല്ലാവരും ഹോട്ടലിലേക്ക് തന്നെ മടങ്ങിയെത്തും. സച്ചിന്‍ പൈലറ്റ് ബി.ജെ.പിയുമായുള്ള കളിയില്‍ പങ്കാളിയാണെന്നും ഈ കളിക്ക് പിന്നില്‍ ബി.ജെ.പി മാത്രമാണെന്നും മന്ത്രി പ്രതാപ് സിംഗ് പറഞ്ഞു.

We use cookies to give you the best possible experience. Learn more