ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദീക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. പാക് അധീന കശ്മീരിലെ പ്രശ്‌നവും തങ്ങള്‍ പരിഹരിക്കും എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ഇന്നലെയായിരുന്നു അഫ്രീദിയുടെ ട്വീറ്റ് വന്നത്. ‘ഐക്യരാഷ്ട്രസഭാ പ്രമേയം വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ കശ്മീരികള്‍ക്കു ലഭിക്കണം. നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അവര്‍ക്കും ലഭിക്കണം.
എന്തിനാണ് ഐക്യരാഷ്ട്രസഭ രൂപീകരിച്ചത്? എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഇപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നത്? പ്രകോപനമില്ലാതെ കശ്മീരികള്‍ക്കു മേല്‍ ചെയ്തുകൂട്ടുന്നു മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു ശ്രദ്ധ കൊടുക്കണം. പ്രശ്‌നത്തില്‍ യു.എസ് മധ്യസ്ഥത വഹിക്കണം.’- അഫ്രിദീ പറഞ്ഞു.
ഇന്നായിരുന്നു ഗംഭീര്‍ മറുപടി പറഞ്ഞത്. ‘പ്രകോപനമൊന്നുമില്ലാതെ, മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങള്‍ അവിടെ നടക്കുന്നു. ഇതു മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍ അഫ്രീദിയെ അഭിനന്ദിക്കണം.
അവിടെ അഫ്രീദി മറന്നുപോയത് ഒരുകാര്യം മാത്രമാണ്. ഈ ആക്രമണങ്ങളെല്ലാം നടക്കുന്നതു പാക് അധിനിവേശ കശ്മീരിലാണ് എന്നത്. അതില്‍ നിങ്ങള്‍ ആകുലപ്പെടേണ്ട, ആ പ്രശ്‌നവും ഞങ്ങള്‍ പരിഹരിക്കും മകനേ.’- അദ്ദേഹം പറഞ്ഞു.
കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി നേരത്തേ പറഞ്ഞിരുന്നു.
‘ഭരണഘടനയെ ലംഘിച്ചു കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തടങ്കലിലാക്കിയും കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടുമല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്. ഈ രാജ്യം നിര്‍മിച്ചിരിക്കുന്നത് ജനങ്ങളെക്കൊണ്ടാണ് അല്ലാതെ ഓരോ തുണ്ട് ഭൂമിയും കൊണ്ടല്ല. ഭരണ നിര്‍വഹന അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് കല്ലറ തീര്‍ക്കുന്നത് പോലെയാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ജമ്മു കശ്മീരില്‍ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതില്‍ നിന്നും ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ പറഞ്ഞിരുന്നു.
ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ താന്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നു.