| Monday, 28th March 2022, 11:25 am

സ്‌നേഹം ചിലപ്പോള്‍ നിങ്ങളെക്കൊണ്ട് ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കും; അക്കാദമിയോടും സഹപ്രവര്‍ത്തകരോടും മാപ്പ്: വില്‍ സ്മിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ വില്‍ സ്മിത്. കറുത്ത വംശജനായ വില്‍ സ്മിത്തിന്റെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര നേട്ടമായിരുന്നു ഇത്.

ടെന്നീസ് താരങ്ങളായ സെറീന വില്യംസ് വീനസ് വില്യംസ് എന്നിവരുടെ ജീവിതകഥ പറഞ്ഞ കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്തിന് അവാര്‍ഡ് ലഭിച്ചത്. ഇരുവരുടെയും പിതാവായ റിച്ചാര്‍ഡ് വില്യംസിനെയാണ് വില്‍ സ്മിത് വെള്ളിത്തിരയിലെത്തിച്ചത്.

പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് വികാരനിര്‍ഭരമായ പ്രസംഗമാണ് വില്‍ സ്മിത് നടത്തിയത്.

”റിച്ചാര്‍ഡ് (ഓസ്‌കാര്‍ നേടിക്കൊടുത്ത കഥാപാത്രം) അയാളുടെ കുടുംബത്തെ പ്രതിരോധിച്ച, സംരക്ഷിച്ച് പോന്ന ആളായിരുന്നു. എന്റെ ജീവിതത്തിന്റെ ഈ സമയത്ത്, ഈ നിമിഷത്തില്‍, ദൈവം എന്നെ എന്ത് ചെയ്യുവാനാണോ ഏല്‍പ്പിച്ചിരിക്കുന്നത്, അതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

ആളുകളെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമാണ് ഞാന്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ളത്.

നമ്മള്‍ ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിന്, ഇന്ന് ചെയ്യുന്ന കാര്യത്തില്‍, ഇവിടെ എത്തിച്ചേര്‍ന്നതില്‍, ആളുകള്‍ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടാകും, കളിയാക്കും, നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കും. ഈ ബിസിനസില്‍ ബഹുമാനമില്ലാതെ നിങ്ങളോട് പെരുമാറും.

പക്ഷെ അപ്പോഴൊക്കെ, ചിരിക്കാനും, എല്ലാം ഓക്കെയാണ് എന്ന് അഭിനയിക്കാനുമാണ് നമ്മള്‍ നിര്‍ബന്ധിക്കപ്പെടുന്നത്. നിങ്ങള്‍ ഇതെല്ലാം സഹിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം,” വില്‍ സ്മിത് പറഞ്ഞു.

പുരസ്‌കാര പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അവതാരകനെ തല്ലിയ കാര്യത്തിലുള്ള ക്ഷമാപണവും വില്‍ സ്മിത് പ്രസംഗത്തിലൂടെ നടത്തിയിരുന്നു.

ഓസ്‌കാര്‍ പുരസ്‌കാരത്തിന് കാരണമായ കിംഗ് റിച്ചാര്‍ഡ് സിനിമയെക്കുറിച്ച് സംസാരിക്കവെയായിരുന്നു അക്കാദമിയോടും സഹപ്രവര്‍ത്തകരോടും സ്മിത് മാപ്പ് പറഞ്ഞത്. എന്നാല്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ പേരെടുത്ത് പറഞ്ഞ് പരാമര്‍ശിച്ചിട്ടില്ല.

”എനിക്ക് സ്‌നേഹത്തിന്റെ പാത്രമാകുകയാണ് വേണ്ടത്. നിങ്ങളുടെ ജീവിതം കഥയായി അവതരിപ്പിക്കുന്നതില്‍ എന്നെ വിശ്വസിച്ചതിന് സെറീനയോടും വീനസിനോടും, വില്യംസ് ഫാമിലിയോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്.

ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും അംബാസഡര്‍ ആവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ ഓസ്‌കാര്‍ അക്കാദമിയോടും എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.

ഇത് മനോഹരമായ ഒരു നിമിഷമാണ്. ഒരു അവാര്‍ഡ് നേടിയതിലല്ല ഞാന്‍ കരയുന്നത്. ഇത് ആളുകള്‍ക്കിടയില്, ആളുകള്‍ക്ക് മേല്‍ വെളിച്ചമായി തിളങ്ങാനും വെളിച്ചം പകരാനും സാധിച്ചതിനാലാണ്. കിംഗ് റിച്ചാര്‍ഡിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും വില്യംസ് കുടുംബത്തിനും…

സ്‌നേഹം ചിലപ്പോള്‍ നിങ്ങളെക്കൊണ്ട് ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കും. എന്റെ അമ്മക്ക്… അവര്‍ ഇന്ന് വന്നിട്ടില്ല.

എന്റെ അമ്മയെയും ഭാര്യയെയും കുടുംബത്തെയും സ്‌നേഹിക്കാനും പരിചരിക്കാനും എനിക്ക് പറ്റിയതില്‍…

ഞാന്‍ ഒരുപാട് സമയം എടുക്കുന്നുണ്ട്. ഈ ആദരത്തിന് നന്ദി. ഈ നിമിഷത്തിന് നന്ദി, റിച്ചാര്‍ഡിന്റെ പേരിലും, വില്യംസ് കുടുംബത്തിന്റെ പേരിലും.

അക്കാദമി ഇനിയും എന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്ദി,” വില്‍ സ്മിത് കൂട്ടിച്ചേര്‍ത്തു.

ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ ക്ഷോഭിച്ചായിരുന്നു
അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെ വില്‍ സ്മിത് ഓസ്‌കാര്‍ വേദിയില്‍ വെച്ച് തല്ലിയത്.

ജേഡ പിങ്കെറ്റ് സ്മിത്തിനെയും അവരുടെ തലമുടി ഷേവ് ചെയ്ത ലുക്കിനെയും കളിയാക്കുന്ന തരത്തില്‍ അവതാരകന്‍ സംസാരിച്ചതാണ് സ്മിത്തിനെ ചൊടിപ്പിച്ചത്.

അലൊപീഷ്യ എന്ന അസുഖത്തിത്തെുടര്‍ന്നാണ് താന്‍ മുടി ഷേവ് ചെയ്ത് കളഞ്ഞതെന്ന് നേരത്തെ ജേഡ പിങ്കെറ്റ് സ്മിത് പറഞ്ഞിരുന്നു. ജേഡയും ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ സന്നിഹിതയായിരുന്നു.

ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

Content Highlight: Will Smith speech after receiving Oscar for best actor

We use cookies to give you the best possible experience. Learn more