ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്.
ലാലു പ്രസാദ് യാദവിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിലായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം. തന്റെ അച്ഛന് എന്തെങ്കിലും സംഭവിച്ചാല്‍ മോദിയുടെ തൊലി താന്‍ ഉരിയുമെന്നായിരുന്നു തേജ് പ്രതാപ് യാദവിന്റെ ഭീഷണി.
എന്റെ അച്ഛനെതിരെ അവര്‍ ഒരു കൊലപാതക ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രിയുടെ തൊലി ഞങ്ങളുരിക്കും. എന്റെ അച്ഛന്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും തേജ് പ്രതാപ് ചോദിച്ചു.
താങ്കള്‍ പ്രധാനമന്ത്രിയെ ഇടിച്ചുതാഴ്ത്തിയും അങ്ങേയറ്റം നിന്ദ്യമായ തരത്തിലുമാണല്ലോ സംസാരിക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ നിങ്ങള്‍ ഇത് പോയി അയാളോട് പറയൂ എന്നായിരുന്നു തേജ് പ്രതാപിന്റെ മറുപടി.
അതേസമയം താന്‍ ആരേയും ഭയപ്പെടുന്നില്ലെന്നും ബീഹാറിലെ ജനങ്ങള്‍ തന്നെ സംരക്ഷിച്ചുകൊള്ളുമെന്നുമായിരുന്നു ലാലുവിന്റെ പ്രതികരണം. എന്നാല്‍ തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സംസ്ഥാനസര്‍ക്കാരിനെ നയിക്കുന്ന നിതീഷ് കുമാറിനും കേന്ദ്രത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും ലാലു പറഞ്ഞു.
മോദിക്കെതിരായ മകന്‍ തേജസ്വി യാദവിന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന്, സ്വന്തം പിതാവിന്റെ ജീവന്‍ അപകടത്തിലാണെന്നറിഞ്ഞാല്‍ ആരുടെ രക്തമായാലും തിളയ്ക്കുമെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.
സുരക്ഷ വെട്ടിച്ചുരുക്കിയതിലൂടെ പ്രതിപക്ഷ ഐക്യത്തിനായി ശ്രമിക്കുന്ന ലാലു പ്രസാദ് യാദവിനെതിരായ യുദ്ധം കേന്ദ്രസര്‍ക്കാര്‍ മുറുക്കുകയാണെന്നും വെറും വിലകുറഞ്ഞ രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തിയിരുന്നു.
എന്‍.എസ്.ജി കമാന്‍ഡോകള്‍ സുരക്ഷ ഒരുക്കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവായിരുന്നു ലാലു പ്രസാദ് യാദവ്. അദ്ദേഹത്തിന്റെ സുരക്ഷ ഇസഡ് മൈനസ് കാറ്റഗറിലേക്ക് കേന്ദ്രം വെട്ടിക്കുറയ്ക്കുകയായിരുന്നു.
സുരക്ഷ കുറച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലുള്ള എന്‍.എസ്.ജി കമാന്‍ഡോകളെ പിന്‍വലിക്കും. സി.ആര്‍.പി.എഫ് ജവാന്‍മാരായിരിക്കും ഇനി ലാലു പ്രസാദ് യാദവിന് സുരക്ഷ ഒരുക്കുക.