മുംബൈ: സോണിയാ ഗാന്ധിയുമായി വരെ ശിവസേനാ നേതാക്കള്‍ കൈകോര്‍ത്തതിനു കാരണം അധികാരത്തോടുള്ള ആര്‍ത്തിയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജി പ്രഖ്യാപിച്ച ശേഷം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്നോട് അജിത് പവാര്‍ തനിക്കു തുടരാന്‍ കഴിയില്ലെന്നു പറഞ്ഞശേഷമാണു രാജിവെച്ചത്. അജിത് പവാറിന്റെ രാജിയോടെ ഞങ്ങള്‍ക്കു ഭൂരിപക്ഷമില്ലാതായി.
ജനവിധി വന്നശേഷവും ഞങ്ങള്‍ക്ക് ആവശ്യത്തിനു കണക്കുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭൂരിപക്ഷം തെളിയിക്കാനും പറ്റിയില്ല. ഞങ്ങള്‍ കുതിരക്കച്ചവടത്തില്‍ ഒരിക്കലും പങ്കാളിയാകില്ല. ബി.ജെ.പി പ്രതിപക്ഷത്തിരുന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും.
ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കു നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ രൂപീകരിച്ച് നാലുദിവസത്തിനുള്ളില്‍ത്തന്നെയാണ് ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനു പടിയിറങ്ങേണ്ടി വന്നത്.
ഫഡ്നാവിസിന്റെ രാജിയോടെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാന്‍ അവസരമൊരുങ്ങി. ഫഡ്നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഫഡ്നാവിസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്.
ആരു മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താലും തങ്ങള്‍ അവരോടൊപ്പം പോകുമെന്ന് ശിവസേന തെരഞ്ഞെടുപ്പിനു മുന്‍പേ തങ്ങളോടു പറഞ്ഞിരുന്നതായി ഫഡ്നാവിസ് പറഞ്ഞു.
‘ബി.ജെ.പി ഭരണത്തിനായിരുന്നു ജനവിധി. ബി.ജെ.പിയെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനം തെരഞ്ഞെടുത്തത്. എന്നാല്‍ ഫലം വന്നതിനുശേഷം ശിവസേന വിലപേശല്‍ തുടങ്ങി. വാഗ്ദാനം ചെയ്തതെല്ലാം നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ശിവസേന ആവശ്യപ്പെട്ടത് വാഗ്ദാനം ചെയ്യാത്ത കാര്യത്തിനാണ്. മുഖ്യമന്ത്രി പദത്തില്‍ ഒരിക്കലും ധാരണയില്ലായിരുന്നു.’- അദ്ദേഹം പറഞ്ഞു.