ശ്രീനഗര്‍: ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനു നേരേ വധശ്രമമുണ്ടായതിനു പിന്നാലെ തനിക്കും വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിയായ ഷെഹ്‌ല റാഷിദ്. ഉമര്‍ ആക്രമിക്കപ്പെട്ട അന്നു തന്നെ മാഫിയ തലവന്‍ രവി പൂജാരിയില്‍ നിന്ന് വധഭീഷണി സന്ദേശം ലഭിച്ചതായി ഷെഹ്‌ല പറഞ്ഞു.
ഇനി വാ തുറക്കരുതെന്നാണ് രവി പൂജാരി തനിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. ഇനിയും വാ തുറന്ന് ശബ്ദമുയര്‍ത്തിയാല്‍ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നാണ് ഭീഷണിയെന്നും ഷെഹ്‌ല പറഞ്ഞു.
അതേസമയം രവി പൂജാരി തനിക്ക് അയച്ച ഭീഷണി മെസേജുകള്‍ ഷെഹ്‌ല തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തിയിരുന്നു. മര്യാദയ്ക്ക് വാ അടച്ചോളു…അല്ലെങ്കില്‍ എന്നന്നേയ്ക്കുമായി നിന്റെ വായടിപ്പിക്കും. ഉമര്‍ ഖാലിദിനോടും ജിഗ്നേഷ് മേവാനിയോടും കരുതിയിരിക്കാന്‍ പറഞ്ഞേക്ക് എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
ALSO READ: ഉമര്‍ ഖാലിദിനു നേരെ വെടിവയ്പ്പ്; അക്രമി തോക്കുപേക്ഷിച്ചു രക്ഷപ്പെട്ടു
കഴിഞ്ഞ ദിവസമാണ് ജെ.എന്‍.യു വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദിന് നേരേ അജ്ഞാതന്‍ വെടിവെയ്ക്കാന്‍ ശ്രമിച്ചത്.
റഫി മാര്‍ഗിലെ ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു പുറത്തുവച്ചാണ് ഖാലിദിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്.
അക്രമി ആരാണെന്നോ അക്രമത്തിന്റെ പുറകിലുള്ള ഉദ്ദേശമെന്താണെന്നോ വ്യക്തമായിട്ടില്ല. വെടിയുതിര്‍ത്ത ശേഷം തോക്കുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അജ്ഞാതനായ അക്രമി ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. കൂടി നിന്നിരുന്നവര്‍ ചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിച്ച് പുറത്തിറങ്ങിയതായിരുന്നു ഖാലിദ്.