ബുലന്ദ്ശഹര്‍: ഭര്‍ത്താവിന്റെ കൊലപാതകം ആസൂത്രിതമാണെന്നും അക്രമമുണ്ടായപ്പോള്‍ കൂടെയുള്ള പൊലീസുകാര്‍ തനിച്ചാക്കിയെന്നും ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ ഭാര്യ രജനി റാത്തോര്‍. തന്റെ ഭര്‍ത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ ബുലന്ദ്ശഹര്‍ പൊലീസിന് മുന്നില്‍ സ്വയം വെടിവെച്ച് മരിക്കുമെന്നും രജനി റാത്തോര്‍ പറഞ്ഞു.
“”എന്റെ ഭര്‍ത്താവ് ധീരനായിരുന്നു. മുന്നില്‍ നിന്നാണ് അദ്ദേഹം നയിക്കാറുള്ളത്. അക്രമമുണ്ടാക്കിയ പ്രതിഷേധക്കാരെ നേരിട്ട അദ്ദേഹത്തെ കൂടെയുള്ള പൊലീസുകാര്‍ നാണംകെട്ട രീതിയില്‍ കൈവെടിയുകയായിരുന്നു. മൊബൈലും പിസ്റ്റളും കണ്ടെത്താനായിട്ടില്ല. ഡ്യൂട്ടി നിര്‍വഹിക്കാനാണ് അദ്ദേഹമവിടെ പോയത്.”” രജനി റാത്തോര്‍ പറഞ്ഞു.
“”കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തണം. തന്റെ ഭര്‍ത്താവിനെ തനിച്ചാക്കി പോയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ ബുലന്ദ്ശഹര്‍ പൊലീസിന് മുന്നില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യും.”” രജനി പറഞ്ഞു.
സുബോധ് കുമാര്‍ സിങ്ങിന്റെ വധത്തിന് പിന്നാലെ ഇന്നലെ നടന്ന യോഗത്തില്‍, കലാപത്തിന് കാരണമായ ഗോഹത്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.
കൊലപാതകക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടില്ല. ഗോഹത്യ നടത്തിയവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന്
അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് ആവാസ്തി പറഞ്ഞിരുന്നു.