ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ശശി തരൂരിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതുസംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള ചില എം.പിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് മുന്നില്‍ ആവശ്യമുന്നയിച്ചതായാണ് റിപ്പോര്‍ട്ട്. ആയിരത്തിലധികം വോട്ടുകള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേടിയ തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
ശശി തരൂരിന്റെ സാധ്യതകള്‍
കേരളത്തില്‍ നിന്നുള്ള ഒരുവിഭാഗത്തിന്റെ പിന്തുണ തരൂരിനുണ്ടെങ്കിലും ഔദ്യോഗിക നേതൃത്വം വിഷയത്തില്‍ അനുകൂല നിലപാടെടുത്തിട്ടില്ല. വി.ഡി. സതീശന്‍, കെ. സുധാകരന്‍ തുടങ്ങിയ സംസ്ഥാന നേതാക്കളും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലും ശശി തരൂരിന് അനുകൂലമല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും തരൂരിനോട് അതൃപ്തിയുണ്ടെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
തരൂര്‍ കേരളത്തില്‍ വിഭാഗീയ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും പ്രവര്‍ത്തക സമിതിയിലേക്കുള്ള തരൂരിന്റെ സാധ്യതക്ക് തിരിച്ചടിയാകാന്‍ ഇടയുണ്ട്.
ഇനിയൊരു മത്സരത്തിനില്ലെന്ന് തരൂര്‍
തെരഞ്ഞെടുപ്പിലൂടെ പ്രവര്‍ത്തക സമിതിയിലേക്കില്ലെന്ന് തരൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.
‘ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. മത്സരിക്കാന്‍ മറ്റുള്ളവര്‍ മുന്നോട്ടു വരട്ടെ. മത്സരം ഗുണമേ ചെയ്യൂ,’ എന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നേതൃത്വത്തെ പഠിപ്പിക്കാന്‍ താനില്ലെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ ശശി തരൂരിനെ പാര്‍ട്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിലാണ് തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlight: Will shashi tharoor reach the Congress Working Committee? possibilities