ന്യൂദല്‍ഹി: രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെട്ട കേസുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവില്‍ കെട്ടിക്കിടക്കുന്ന 1,571 ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ 12 പ്രത്യേക കോടതികള്‍ ആവശ്യമാണെന്ന് നിയമ മന്ത്രാലയം സെക്രട്ടറി റീത വസിഷ്ഠ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു.
2014 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും എട്ട് നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് 1581 കേസുകളുണ്ടെന്നും റീത സൂചിപ്പിച്ചു.
നേരത്തെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള സാധ്യത കോടതി സര്‍ക്കാരിനോട് ആരായുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
നിലവില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ രണ്ടോ അതിലധികമോ വര്‍ഷം തടവും സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുകയും ചെയ്യാമെന്നാണ് നിയമം അനുശാസിക്കുന്നത്. 2013 ലെ വിധി പ്രകാരം ആറു വര്‍ഷം വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യാം.
അതേസമയം പ്രത്യേക കോടതി ആരംഭിക്കുന്നതിന് 7.8 കോടി രൂപയാണ് ചെലവ് വരികയെന്ന് റീത കോടതിയെ അറിയിച്ചു.