ചൈനയോട് നിലപാട് കടുപ്പിക്കാനാകാത്തത് അവരെ ആശ്രയിക്കുന്നതിനാൽ; പ്രസിഡന്റായാൽ അമേരിക്കൻ സമ്പദ്ഘടനയെ ചൈനയിൽ നിന്ന് വേർപ്പെടുത്തും: വിവേക് രാമസ്വാമി
World News
ചൈനയോട് നിലപാട് കടുപ്പിക്കാനാകാത്തത് അവരെ ആശ്രയിക്കുന്നതിനാൽ; പ്രസിഡന്റായാൽ അമേരിക്കൻ സമ്പദ്ഘടനയെ ചൈനയിൽ നിന്ന് വേർപ്പെടുത്തും: വിവേക് രാമസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 3:53 pm

വാഷിങ്ടൺ: താൻ അമേരിക്കയുടെ അടുത്ത പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയെ ചൈനീസ് സമ്പദ്ഘടനയിൽ നിന്ന് വേർപ്പെടുത്തുമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി.

അമേരിക്കയുടെ ആധുനിക ജീവിതത്തിൽ ചൈനയെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണ് ചൈനയോടുള്ള നിലപാട് കടുപ്പിക്കാൻ അമേരിക്കക്ക് സാധിക്കാത്തത് എന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ മൂന്നാമത് പ്രസിഡൻഷ്യൽ സംവാദത്തിൽ വിവേക് രാമസ്വാമി പറഞ്ഞു.

‘ചൈനയോട് നിലപാട് കടുപ്പിക്കാൻ നമുക്ക് സാധിക്കാത്തത് ആധുനിക ജീവിത രീതിയിൽ നമ്മൾ അവരെ ആശ്രയിക്കുന്നത് കൊണ്ടാണ്. നമ്മുടെ ശത്രുക്കളിൽ നിന്ന് നമ്മൾ സാമ്പത്തിക സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതുണ്ട്,’ വിവേക് പറഞ്ഞു.

മരുന്നുകൾക്കും അർധചാലകങ്ങൾക്കും എഫ്-35 ജെറ്റുകൾക്കും കപ്പൽ നിർമാണത്തിലുമെല്ലാം അമേരിക്ക ചൈനയെ ആശ്രയിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

‘ചൈനയെ നമ്മൾ ആശ്രയിക്കുന്നത് വർധിപ്പിക്കുന്ന ശക്തികളിൽ നിന്ന് സ്വതന്ത്രരായ രാഷ്ട്രീയക്കാരെയാണ് നമുക്ക് വേണ്ടത്.

ഷി ജിൻപിങ്ങിനോട് എനിക്ക് പറയാനുള്ളത്, നിങ്ങൾക്ക് ഈ രാജ്യത്ത് നിന്ന് ഇനി ഭൂമി വാങ്ങാനാകില്ല. ഈ രാജ്യത്തെ സർവകലാശാലകളിൽ നിങ്ങളിനി സംഭാവന ചെയ്യില്ല. ഒരേ നിയമങ്ങൾ കൊണ്ടുതന്നെ കളിക്കാൻ നിങ്ങൾ തയ്യാറാകുന്നത് വരെ യു.എസ് ബിസിനസുകൾ ചൈനീസ് വിപണിയിലേക്ക് വ്യാപിക്കില്ല,’ രാമസ്വാമി പറഞ്ഞു.

യു.എസ് പ്രസിഡന്റായാൽ വിദഗ്ധ തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ അനുമതി നൽകുന്ന എച്ച്-1 ബി വിസ നിർത്തലാക്കുമെന്ന് വിവേക് പറഞ്ഞിരുന്നു.

മലയാളി കുടുംബ വേരുകളുള്ള ഇദ്ദേഹം റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ ഡൊണാൾഡ് ട്രംപിനും ഫ്‌ലോറിഡ ഗവർണർ റോൺ ഡിസാന്റിസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഉള്ളത്.

ഡൊണാൾഡ് ട്രംപ് നൂറ്റാണ്ടിന്റെ മികച്ച പ്രസിഡന്റ് ആണ് എന്ന പ്രശംസയിലൂടെ ഡൊണാൾഡ് ട്രംപിന്റെ ഇഷ്ടവും പിടിച്ചുപറ്റിയിരുന്നു. ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സംവാദത്തിലായിരുന്നു രാമസ്വാമിയുടെ പരാമർശം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയാണ് വിവേക് രാമസ്വാമി എന്ന് ട്രംപും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു.

Content Highlight: Will separate US Economy from China if I become US president says Vivek Ramaswamy