| Thursday, 14th April 2022, 4:47 pm

അവിടേക്കല്ലാതെ എങ്ങോട്ടാണ് ഇവരെ അയക്കേണ്ടത്! റിമോര്‍ട്ട് കണ്‍ട്രോള്‍ വിവാദത്തില്‍ ഭഗവന്ത് മന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. കെജ്‌രിവാളിന്റെ റിമോട്ട് കണ്‍ട്രോള്‍ ആണ് മന്‍ എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പരാമര്‍ശം.

‘പരിശീലനത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ ദല്‍ഹി മുഖ്യമന്ത്രിയെ കാണാനായി അയച്ചത്. കൂടുതല്‍ പരിശീലനം ആവശ്യമാണെങ്കില്‍ ഞാന്‍ എന്റെ ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്കോ ആന്ധ്രയിലേക്കോ ഗുജറാത്തിലേക്കോ വേണമെങ്കില്‍ ഇസ്രാഈലിലേക്കോ അയക്കും. ആര്‍ക്കാണ് അതില്‍ എതിര്‍പ്പ്?’മന്‍ ചോദിച്ചു.

ദല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസം, ഊര്‍ജം, ആരോഗ്യം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. അവിടെയല്ലാതെ എവിടെയാണ് ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കേണ്ടതെന്നും മന്‍ ചോദിച്ചു. പഞ്ചാബിലെ ഒരു കൂട്ടം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യന്ത്രി ഭഗവന്ത് മന്‍ ഇല്ലാതെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച കെജ് രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ് ചീഫ് സെക്രട്ടറിയും ഊര്‍ജ വകുപ്പ് സെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസിനും അകാലിദളിനും പുറമെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഭയന്നിരുന്ന കാര്യം സംഭവിച്ചിരിക്കുകയാണെന്നും പ്രതിക്ഷിച്ചതിലും നേരത്തെ തന്നെ കെജ് രിവാള്‍ പഞ്ചാബ് ഭരണവും ഏറ്റെടുത്തിരിക്കുകയാണെന്നുമായിരുന്നു അമരീന്ദര്‍ സിങിന്റെ ട്വീറ്റ്.

എന്നാല്‍ അമരീന്ദര്‍ ആണോ എല്ലാം തികഞ്ഞ ആളെന്നാണ് മന്‍ ചോദിച്ചത്.

Content Highlights: “Will Send Officers To Israel, If Needed”: Bhagwant Mann vs Opposition

We use cookies to give you the best possible experience. Learn more