ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അമിത് മിത്ര. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഐ.സി.യുവില്‍നിന്നും വെന്റിലേറ്ററിലാക്കുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
‘ബജറ്റ് അവതരണത്തിന് മുമ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലായിരുന്നു. പക്ഷേ, ബജറ്റ് അവതരണത്തിന് ശേഷമാകട്ടെ, അതിനെ നേരെ വെന്റിലേറ്ററിലേക്ക പ്രവേശിപ്പിക്കാവുന്ന അവസ്ഥയായിരിക്കുകയാണ്. ഏറ്റവും സാധാരണക്കാരെ മുതല്‍ സമൂഹത്തിനെ അടിമുടി പ്രതിസന്ധിയിലാക്കുന്ന ജനവിരുദ്ധവും ബുദ്ധിശൂന്യവുമായ ബജറ്റാണിത്’, അമിത് മിത്ര പറഞ്ഞു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തിനുപോലുമുള്ള പരിഹാരം ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്നും അമിത് മിത്ര ആരോപിച്ചു.
‘ജി.ഡി.പി 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. നിക്ഷേപം 17 വര്‍ഷത്തെ വലിയ ഇടിവിലും നിര്‍മ്മാണ മേഖല 15 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലുമാണ്. കാര്‍ഷികമേഖല കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലും. എന്നിട്ടും ഇവയിലൊന്നിനെയും പരിഗണിക്കുന്നതിനോ പരിഹാരം കാണുന്നതിനോ ബജറ്റില്‍ നീക്കങ്ങളൊന്നുമുണ്ടായില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റില്‍ തെലങ്കാനയ്ക്ക് പരിഗണന കുറഞ്ഞതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും രംഗത്തെത്തി. ബജറ്റ് അത്യധികം നിരാശയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.