ആവശ്യമെങ്കില്‍ ഭീകരവാദികളെ കണ്ടെത്താന്‍ പാക്കിസ്ഥാന്റെ സഹായം തേടും: ശ്രീലങ്കന്‍ പ്രധാനമന്ത്രി
ന്യൂദല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വലിയ പിന്തുണയാണെന്നും ആവശ്യമാണെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യന്‍ പാക്കിസ്ഥാന്റെ സഹായം തേടുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റെനില്‍ വിക്രമസിംഗെയുടെ പരാമര്‍ശം.
ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതിനായി തെളിവുകള്‍ ലഭിച്ചില്ലെന്നും അഭിമുഖത്തില്‍ പറയുന്നു. നമ്മുടെ രാജ്യത്ത് ആഗോളതീവ്രവാദികള്‍ പ്രചരിക്കുന്നത് തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ആഗോള തീവ്രവാദികള്‍ ശ്രീലങ്കയില്‍ സംഘട്ടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ സ്‌ഫോടനം നടത്തിയ രണ്ട് ചാവേറുകളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഗന്ധ വ്യജ്ഞന വ്യാപാരിയായ മുഹമ്മദ് യുസുഫ് ഇബ്രാഹിം ആണ് പൊലീസ് പിടിയിലായത്. സഫോടനത്തില്‍ ചാവേറായ ഇംസാത് അഹമ്മദ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാഹിം എന്നിവരാണ് യുസുഫിന്റെ മക്കള്‍.
കൊളംബൊയിലെ സിന്നാമണ്‍ ഗ്രാന്‍ഡ്, ഷാന്‍ഗ്രില ഹോട്ടലുകളിലാണ് ഇരുവരും പൊട്ടിത്തെറിച്ചത്. ഹോട്ടലുകളിലെ ഭക്ഷണശാലയില്‍ സ്‌ഫോടക വസ്തുക്കളുമായി കയറി സ്‌ഫോടനം നടത്തുകയായിരുന്നു.
ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ ചാവേറായതില്‍ കൂടുതല്‍ പേരും ശ്രീലങ്കയിലെ ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്കുന്നവരും വിദ്യാസമ്പന്നരുമാണ്. 9 പേരില്‍ 8 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്‍പതാമത്തെ ആള്‍ ചാവേറായതില്‍ ഒരാളുടെ ഭാര്യയാണെന്നാണ് കരുതുന്നത്.
ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മക്കളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോര്‍ട്ട്.