ന്യൂദല്‍ഹി: സുപ്രീം കോടതി അയോധ്യാ കേസ് പെട്ടെന്ന് പരിഗണിച്ചില്ലെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മറ്റു വഴികള്‍ നോക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്.
“സുപ്രീം കോടതി ത്വരിതഗതിയില്‍ കേസ് കൈകാര്യം ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് മറ്റു വഴികള്‍ ആശ്രയിക്കേണ്ടി വരും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തെ 20-30 വര്‍ഷങ്ങളായി ബി.ജെ.പി അനുകൂലിച്ചിട്ടുള്ളതാണ്”- മാധവ് പറഞ്ഞു.
“രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരിക എന്ന വഴി ഇപ്പോഴും മുന്നിലുണ്ട്. എന്നാല്‍ നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. വാദം കേള്‍ക്കേണ്ട അടുത്ത ബെഞ്ചിനെക്കുറിച്ച് സുപ്രീം കോടതി ജനുവരി നാലിന് തീരുമാനം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്”- മാധവ് എ.എന്‍.ഐയോട് പറഞ്ഞു.
അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചിരുന്നു
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്.
അനുയോജ്യമായ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിന്റെ തിയ്യതി തീരുമാനിക്കുമെന്നാണ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞിരുന്നത്. അയോധ്യ കേസിലെ നിയമപ്രശ്നം ഏഴംഗബെഞ്ചിന് വിടേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി നിര്‍മോഹി അഖാഡയ്ക്കും രാംലല് വിരാജ്മനിനും സുന്നി വഖഫ് ബോര്‍ഡിനുമായി വിഭജിച്ചു നല്‍കുന്നതായിരുന്നു 2010ലെ അലഹബാദ് ഹൈക്കോടതി വിധി.