കോഴിക്കോട്: ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്ന് കയറുന്നതാണെന്ന് ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ട്. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്നും പി.എം.എ. സലാം പറഞ്ഞു.
ഹിജാബ് മുസ്‌ലിം പെണ്‍കുട്ടികളുടെ അവകാശമാണെന്ന് മുന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീജ് നേരത്തെ പറഞ്ഞിരുന്നു. ഏതെങ്കിലും മതത്തിന്റെ ആചാരവും അനുഷ്ഠാനവും എന്തായിരിക്കണമെന്ന് തിരുമാനിക്കേണ്ടത് കോടതിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കന്യാസ്ത്രീകളുടെ ശിരോവസ്ത്രം സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണെന്നും അതേ അവകാശം ഹിജാബിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും കെ.പി.എ. മജീദ് കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി വിധി തീര്‍ത്തും നിരാശാജനകമാണെന്നും വസ്തുതാപരമായി പിശകുകളുള്ള വിധിയാണിതെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികള്‍ തള്ളിയത്.
ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തിരുന്നു.