മെട്രോ സ്റ്റേഷന്‍ ക്യാഷ്‌ലെസ് ആക്കിയത് പേടിഎമ്മിനെ സഹായിക്കാന്‍; അന്വേഷണം ആവശ്യപ്പെട്ട് കെജ്‌രിവാള്‍
Daily News
മെട്രോ സ്റ്റേഷന്‍ ക്യാഷ്‌ലെസ് ആക്കിയത് പേടിഎമ്മിനെ സഹായിക്കാന്‍; അന്വേഷണം ആവശ്യപ്പെട്ട് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2017, 10:33 am

arvind-kejriwal


ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ ജനുവരി ഒന്നു മുതല്‍ ദല്‍ഹി മെട്രോ റെയില്‍വേയിലെ 10 സ്റ്റേഷനുകള്‍ ക്യാഷ്‌ലെസ് ആക്കിയതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഒരേയൊരു ഇ-വാലറ്റ് കമ്പനിക്ക് മാത്രം മെട്രോയിലെ ക്യാഷ്‌ലെസ് ഇടപാടിന് അനുമതി നല്‍കിയതിനെ കെജ്‌രിവാള്‍ ചോദ്യം ചെയ്തു. നിര്‍ബന്ധിതമായാണ് പദ്ധതി നടപ്പാക്കിയതെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം ഇതിന് പിന്നിലുണ്ടായിരിക്കാം. പേടിഎം കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനോട് ഉത്തരവിന്റെ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. പേടിഎമ്മിനെ സഹായിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, എം.ജി റോഡ് സ്റ്റേഷന്‍, മയൂര്‍ വിഹാര്‍ ഫാസല്‍, നിര്‍മ്മാണ്‍ വിഹാര്‍, തിലക് നഗര്‍, ജനക്പുരി വെസ്റ്റ്, നോയിഡ സെക്ടര്‍ 15, നെഹ്‌റു പ്ലേസ്, കൈലാശ് കോളനി എന്നീ സ്റ്റേഷനുകളിലാണ് പേടിഎം വഴിമാത്രം ക്യാഷ്‌ലെസ് ഇടപാടിന് അനുമതി ഏര്‍പ്പെടുത്തിയത്.

എന്നാല്‍, കെജ്‌രിവാളിന്റെ ആരോപണം നിഷേധിച്ച് ഡി.എം.ആര്‍.സി രംഗത്തെത്തി. ഓപ്പണ്‍ ടെന്‍ഡറിലൂടെയാണ് പേടിഎം കരാര്‍ നേടിയതെന്നും കൂടുതല്‍ ഇ-വാലറ്റുകളെ പങ്കാളിയാക്കുമെന്നും ഡി.എം.ആര്‍.സി വിശദീകരിച്ചു.


നേരത്തെ പേടിഎമ്മിന്റെ പരസ്യത്തില്‍ മോദി പ്രത്യക്ഷപ്പെട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇ-വാലറ്റ് കമ്പനികള്‍ക്ക് പ്രയോജനമുണ്ടാക്കാനാണ് നോട്ടുകള്‍ നിരോധിച്ചതെന്നും വിമര്‍ശനമുണ്ടായിരുന്നു. പേടിഎം എന്നാല്‍ പേ ടു മോദി എന്നാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു.