| Monday, 21st August 2023, 5:55 pm

സ്‌ക്വാഡില്‍ 2 വിക്കറ്റ് കീപ്പറുള്ളപ്പോള്‍ സഞ്ജുവിന്റെ റോള്‍ എന്ത്? ലോകകപ്പ് കളിക്കാനാകുമോ? സാധ്യതകളിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ബി.സി.സി.ഐ 2023ലെ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ ക്യാപ്റ്റനായും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തി 17 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ സഞ്ജു സാംസണെ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകരും കലിപ്പിലാണ്. ഏകദിനത്തില്‍ സഞ്ജു സാംസണെക്കാള്‍ മോശം സ്റ്റാറ്റ്‌സുകളുള്ള താരങ്ങളും ഇതുവരെ ഒറ്റ അന്താരാഷ്ട്ര ഏകദിനം പോലും കളിക്കാത്ത തിലക് വര്‍മയും സ്‌ക്വാഡിന്റെ ഭാഗമാകുകയും ചെയ്യുമ്പോള്‍ രാജസ്ഥാന്‍ നായകന്‍ തഴയപ്പെടുന്നതിനെയാണ് ആരാധകര്‍ ചൂണ്ടിക്കാണിച്ചത്.

ഇഷാന്‍ കിഷനും കെ.എല്‍. രാഹുലുമുള്ള സ്‌ക്വാഡില്‍ സഞ്ജുവിനെ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയാണ് ഉള്‍പ്പെടുത്തിയത്. ഇവര്‍ രണ്ട് പേരും ടീമിനൊപ്പം ഉണ്ടെന്നിരിക്കെ മൂന്നാമത് വിക്കറ്റ് കീപ്പറെ എന്തിനാണ് ഉള്‍പ്പെടുത്തിയതെന്നാണ് ആരാധകര്‍ ചോദ്യമുന്നയിക്കുന്നത്.

കെ.എല്‍. രാഹുല്‍ പരിക്കിന്റെ പിടിയില്‍ നിന്നും പൂര്‍ണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് ബി.സി.സി.ഐ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് ചില ആരാധകര്‍ വാദിക്കുമ്പോഴും ഏഷ്യാ കപ്പ് പോലെ ഒരു ടൂര്‍ണമെന്റില്‍ പൂര്‍ണ ആരോഗ്യവാനല്ലാത്ത ഒരു താരത്തെ ഉള്‍പ്പെടുത്തുന്നത് എന്തിനെന്ന മറുചോദ്യത്തിന് അവര്‍ക്ക് ഉത്തരമുണ്ടാകുന്നില്ല. ലോകകപ്പ് ഇയറില്‍ തന്നെ ഇത്തരത്തില്‍ ഒരു റിസ്‌ക് എടുക്കേണ്ടതുണ്ടോ എന്ന ചോദ്യവും പിന്നാലെയെത്തുന്നതോടെ രാഹുലിന്റെ ഇന്‍ക്ലൂഷന്‍ വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.

വിക്കറ്റ് കീപ്പര്‍ എന്നത് കാഠിന്യമേറിയ ചുമതലയാണെന്നും പരിക്കില്‍ നിന്നും മുക്തനായി എത്തുന്ന, പരിക്കിന് ശേഷം ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെ പോകുന്ന ഒരു താരത്തെ (കെ.എല്‍. രാഹുലിനെ) ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് മുന്‍ കോച്ച് രവി ശാസ്ത്രി വാദിച്ചിരുന്നു.

എന്നാല്‍ കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കിന് ശേഷമുള്ള താരത്തിന്റെ ആദ്യ ബിഗ് ഇവന്റ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇഷാനെയാണോ രാഹുലിനെയാണോ പരിഗണിക്കുക എന്ന ചോദ്യമാണ് ഇനി ബാക്കിയുള്ളത്.

അഥവാ ഈ രണ്ട് താരങ്ങള്‍ക്കും ഒരേ സമയം കളിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉടലെടുക്കുകയാണെങ്കില്‍ മാത്രമേ സഞ്ജുവിന് ഏഷ്യാ കപ്പ് കളിക്കാന്‍ സാധിക്കൂ.

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലാണ് ഏഷ്യാ കപ്പ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സ്‌ക്വാഡിനെ തന്നെയാകും അപെക്‌സ് ബോര്‍ഡ് ലോകകപ്പിനും പരിഗണിക്കാന്‍ ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ സഞ്ജുവിന് വീണ്ടും നിരാശപ്പെടേണ്ടി വരും.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നതിന് പുറമെ താനൊരു മികച്ച ഫീല്‍ഡര്‍ ആണെന്ന് സഞ്ജു പലതവണ തെളിയിച്ചതാണ്. വിക്കറ്റ് കീപ്പറല്ലെങ്കില്‍ ഈ റോളില്‍ സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത ഏറെ വിദൂരമാണെങ്കിലും അതിനെയും പൂര്‍ണമായും തള്ളാനും സാധിക്കില്ല.

ഏഷ്യാ കപ്പ് കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഇതുവരെയുള്ള താരത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്ന് ചിന്തിക്കാനും വയ്യ. കാരണം അങ്ങനെ ഒരു തോന്നല്‍ ഉണ്ടായിരുന്നുവെങ്കില്‍ രാജസ്ഥാന്‍ നായകന്‍ ഉറപ്പായും ഏഷ്യാ കപ്പിന്റെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടുമായിരുന്നു.

ലോകകപ്പിന് മുമ്പ് മികച്ച പ്രകടനം നടത്തി ടീമില്‍ കയറിപ്പറ്റാം എന്ന ഓപ്ഷനും നിലവില്‍ സഞ്ജുവിന്റെ മുമ്പിലില്ല.

ലോകകപ്പിന് മുമ്പ് ഇന്ത്യ ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് കളിക്കുക. എന്നാല്‍ ബിഗ് ഇവന്റിന് മുമ്പ് വേണ്ടത്ര പ്രാക്ടീസ് ലഭിക്കണമെന്നതിനാല്‍ ലോകകപ്പ് ടീമിനെ തന്നെയായിരിക്കും ഈ പരമ്പരയിലും ബി.സി.സി.ഐ ഉള്‍പ്പെടുത്തുക.

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഒരു മത്സരം കൂടിയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇതിനോടകം പരമ്പര നേടിയതിനാല്‍ ഈ മത്സരവും ഒരുപക്ഷേ സഞ്ജുവിന് നഷ്ടമായേക്കാം. യുവതാരം ജിതേഷ് ശര്‍മയുടെ അന്താരാഷ്ട്ര അരങ്ങേറ്റം എന്ന നിലയില്‍ ബി.സി.സി.ഐ മൂന്നാം ടി-20യെ സമീപിച്ചാല്‍ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വന്നേക്കും.

content highlight: Will Sanju Samson play in the World Cup? What are the possibilities?

Latest Stories

We use cookies to give you the best possible experience. Learn more