| Wednesday, 23rd August 2023, 4:25 pm

ഒരുപക്ഷേ ലോകകപ്പിന് മുമ്പുള്ള അവസാന മത്സരം, ചിലപ്പോള്‍ അതും നഷ്ടപ്പെട്ടേക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിനാണ് ബുധനാഴ്ച കളമൊരുങ്ങുന്നത്. ഡബ്ലിനിലെ ദി വില്ലേജിലാണ് ഡെഡ് റബ്ബര്‍ മത്സരം അരങ്ങേറുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മഴ നിയമത്തില്‍ രണ്ട് റണ്‍സിന്റെ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ 33 റണ്‍സിനും വിജയിച്ചിരുന്നു. ഇതിനോടകം തന്നെ പരമ്പര നേടിയ ഇന്ത്യ മൂന്നാം മത്സരവും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ഏതൊക്കെ താരങ്ങളാകും മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. റിങ്കു സിങ് അടക്കമുള്ള യുവതാരങ്ങള്‍ ഈ പരമ്പരയില്‍ അരങ്ങേറിയപ്പോള്‍ ഇന്ത്യന്‍ കുപ്പായം സ്വപ്‌നം കാണുന്ന ജിതേഷ് ശര്‍മയും ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പമുണ്ട്. ഇന്ത്യ ഇതിനോടകം തന്നെ പരമ്പര നേടിയതിനാല്‍ വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.

വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെത്തുകയാണെങ്കില്‍ സ്വാഭാവികമായും സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായേക്കും.

മൂന്നാം മത്സരം കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുകയാണെങ്കില്‍ ഒരുപക്ഷേ ലോകകപ്പ് വരെ സഞ്ജുവിന് ഒരു മത്സരവും കളിക്കാന്‍ സാധിക്കില്ല. ലോകകപ്പിന് മുമ്പ് ഏഷ്യ കപ്പ് ഉണ്ടെങ്കിലും താരത്തിന് കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത നന്നേ കുറവാണ്. ഏഷ്യ കപ്പിനുള്ള 17 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ടീമിനൊപ്പം ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയി ഉള്‍പ്പെട്ടിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ കെ.എല്‍. രാഹുലും ഇഷാന്‍ കിഷനും സ്‌ക്വാഡില്‍ ഉള്‍പ്പെടുമ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഏഷ്യ കപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കുമോ എന്നും കണ്ടറിയണം.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു ഫീല്‍ഡര്‍ എന്ന നിലയിലും സഞ്ജു സാംസണ്‍ പലകുറി മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഈയൊരു പൊസിഷനില്‍ ഇന്ത്യ സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യത കാതങ്ങളകലെയാണ്.

ഏഷ്യ കപ്പിലെ ടീമിനെ തന്നെയായിരിക്കും ഇന്ത്യ ലോകകപ്പിനും അണിനിരത്തുക എന്നത് ഏകദേശം ഉറപ്പായ കാര്യവുമാണ്.

ഏഷ്യ കപ്പിന് ശേഷം ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനവും ഇന്ത്യ കളിക്കും. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരം എന്ന നിലയിലായിരിക്കും ഇരുടീമുകളും ഈ പരമ്പരയെ നോക്കിക്കാണുക. അതുകൊണ്ടുതന്നെ ലോകകപ്പ് ടീം തന്നെയായിരിക്കും ഇവിടെയും കളിക്കുന്നത്.

ലോകകപ്പിന് മുമ്പ് സ്വയം തെളിയിക്കാന്‍ സഞ്ജുവിനെ സംബന്ധിച്ച് അവസരങ്ങളൊന്നും തന്നെ ഇനി ബാക്കിയില്ല. ഇതിനെയെല്ലാം അതിജീവിച്ച് സഞ്ജു ലോകകപ്പ് വേദിയിലെത്തണമെങ്കില്‍ മഹാത്ഭുതം തന്നെ സംഭവിക്കണം.

Content highlight: Will Sanju Samson play in the final match of the India-Ireland series?

Latest Stories

We use cookies to give you the best possible experience. Learn more