ഇന്ത്യയില്‍ നിലവില്‍ ഏറ്റവും പ്രമുഖരായ സംവിധായാകരില്‍ ഒരാളാണ് പ്രശാന്ത് നീല്‍. തന്റെ കെ.ജി.എഫ് എന്ന സിനിമ വഴി ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു സലാര്‍.
പ്രഭാസ് നായകനായ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജും ഉണ്ടായിരുന്നു. ഡിസംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയെങ്കിലും ചിത്രത്തിലെ പൃഥ്വിരാജിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായിരുന്നു സലാര്‍ റിലീസിനെത്തിയിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്.
പ്രഭാസിന്റെ രണ്ട് ചിത്രങ്ങള്‍ മുമ്പ് ജപ്പാനില്‍ റിലീസ് ചെയ്തിരുന്നു. താരത്തിന്റെ സഹോയും ബാഹുബലിയുടെ രണ്ടാം ഭാഗവുമായിരുന്നു ഈ സിനിമകള്‍. കൂടാതെ ജാപ്പനീസ് ബോക്‌സ് ഓഫീസില്‍ ധാരാളം റെക്കോഡ് ഉള്ള ഇന്ത്യന്‍ നടന്മാരില്‍ ഒരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ജപ്പാനില്‍ സലാറിന് മറ്റ് രണ്ട് സിനിമകളേക്കാള്‍ മികച്ച പ്രതികരണമാകും കിട്ടുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം, വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനില്‍ റിലീസ് ചെയ്ത രജിനികാന്ത് ചിത്രമായിരുന്നു മുത്തു. ജാപ്പനീസ് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്ന ചിത്രം 23.50 കോടി കളക്ഷന്‍ നേടിയിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറാന്‍ ഈ രജിനികാന്ത് ചിത്രത്തിന് കഴിഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും നായകന്മാരായെത്തി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ ജപ്പാനില്‍ റിലീസ് ചെയ്തപ്പോള്‍ മുത്തുവിന്റെ കളക്ഷനെ മറികടന്നിരുന്നു. അതുവഴി ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി ആര്‍.ആര്‍.ആര്‍ മാറിയിരുന്നു.