ഒരുവട്ടം കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കും, ഇല്ലെങ്കില്‍ പേടിച്ചോടിയെന്ന് പറയും; ജനപക്ഷത്തിന് താല്‍പ്പര്യം യു.ഡി.എഫ് ആണെന്നും പി.സി. ജോര്‍ജ്
Kerala News
ഒരുവട്ടം കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കും, ഇല്ലെങ്കില്‍ പേടിച്ചോടിയെന്ന് പറയും; ജനപക്ഷത്തിന് താല്‍പ്പര്യം യു.ഡി.എഫ് ആണെന്നും പി.സി. ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st August 2021, 3:12 pm

കോട്ടയം: താന്‍ ഒരുവട്ടം കൂടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് പുഞ്ഞാര്‍ മുന്‍ എം.എല്‍.എയും കേരള ജനപക്ഷം പാര്‍ട്ടി നേതാവുമായ പി.സി. ജോര്‍ജ്. ഒരു തവണ കൂടി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഭാഗമായേക്കും, അല്ലെങ്കില്‍ താന്‍ പേടിച്ച് ഓടിയെന്ന് പറയും. അതിന് ശേഷം മത്സര രംഗത്ത് നിന്ന് വിട്ട് നില്‍ക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെയും താല്‍പര്യമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസിലെ നിലവിലെ പ്രശനങ്ങള്‍ തീര്‍ന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസിലെ പുതിയ മാറ്റങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയ്ക്ക് ഉള്ളിലെ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡി.സി.സി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്ത് വന്നത്. പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പാരമ്പര്യം ഉള്ളവര്‍ തന്നെയാണ്. ഇപ്പോഴത്തെ പൊട്ടിത്തെറി ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ല, എന്നാല്‍ ചില സത്യങ്ങള്‍ പറയുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടവര്‍ തിരിച്ച് വന്നേക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കെ.സി. വേണുഗോപാലിനെതിരെയുള്ള വിമര്‍ശനം കുശുമ്പു കൊണ്ടാണ്. അദ്ദേഹം എ.ഐ.സി.സിയുടെ ഉയര്‍ന്ന തലത്തില്‍ എത്തിയതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

അതേസമയം യു.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഘടകകക്ഷിയായ ആര്‍.എസ്.പി യു.ഡി.എഫിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, മുക്കുകയാണെന്നും നേതാക്കള്‍ ഇതേരീതി തുടര്‍ന്നാല്‍ പെട്ടെന്ന് ജീവന്‍ രക്ഷാര്‍ത്ഥമുള്ള നടപടികള്‍ സഹയാത്രികര്‍ക്ക് ആലോചിക്കേണ്ടി വരുമെന്നും ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.