2021ലും 2023ലും അവന്‍ അത് സ്വന്തമാക്കി; 2024 അത് ആവര്‍ത്തിക്കുമോ?
Sports News
2021ലും 2023ലും അവന്‍ അത് സ്വന്തമാക്കി; 2024 അത് ആവര്‍ത്തിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd January 2024, 4:12 pm

2024ലെ ആദ്യ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യന്‍ ടീം നാളെ കളത്തിലിറങ്ങും. ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ 32 റണ്‍സിനും ഇന്നിങ്‌സിനുമാണ് ഇന്ത്യ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ സൗത്ത് ആഫ്രിക്കക്കെതിരെ അവരുടെ തട്ടകത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന ദുഷ്‌പേര് തുടരുകയാണ്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മറ്റൊരു നേട്ടവും കൂടെ ഓപ്പണറെ കേപ് ടൗണില്‍ കാത്തിരിക്കുന്നുണ്ട്. 2021 വര്‍ഷം തുടങ്ങുമ്പോള്‍ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരത്തില്‍ രോഹിത് ചെന്നൈയില്‍ ആദ്യ സെഞ്ച്വറി നേടിയിരുന്നു. 2021 ഫെബ്രുവരി 13ന് ഇംഗ്ലണ്ടിനോടുള്ള ടെസ്റ്റിലാണ് വര്‍ഷത്തിലെ ആദ്യ സെഞ്ച്വറി രോഹിത് നേടുന്നത്. പിന്നീട് 2023 ഫെബ്രുവരി ഒമ്പതിന് നാഗ്പൂരില്‍ വെച്ച് ഓസ്‌ട്രേലിയക്കെതിരെയും ഓപ്പണര്‍ അതുതന്നെ ആവര്‍ത്തിച്ചു. ഇപ്പോള്‍ 2024ലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി വര്‍ഷത്തിലെ ആദ്യ സെഞ്ച്വറി ആര് നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

പുതു വര്‍ഷത്തില്‍ വീണ്ടും രോഹിത്തിന്റെ ബാറ്റില്‍ നിന്നും ഒരു സെഞ്ച്വറി പിറക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇതുവരെ ടെസ്റ്റ് മത്സരത്തിലെ 90 ഇന്നിങ്‌സുകളില്‍ നിന്ന് രോഹിത് 3682 റണ്‍സ് നേടിയിട്ടുണ്ട്. 212 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടുിണ്ട്. ടെസ്റ്റില്‍ രോഹിത് 10 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്.

ഏകദിനത്തിലും രോഹിത് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 2023 ഇന്ത്യല്‍ നടന്ന ഏകദിന ലോകകപ്പില്‍ രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായി 10 മത്സരങ്ങളും വിജയിച്ച് ഇന്ത്യ മുന്നേറിയിരുന്നു. എന്നാല്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഓസീസിനോട് ഇന്ത്യ പരാജയപ്പെട്ടത്.

Content Highlight:  Will Rohit score a century in the new year?