| Monday, 22nd July 2019, 11:54 am

കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാര്‍; നേതൃത്വത്തിന് കത്തയച്ച് പൂനെയിലെ എഞ്ചിനീയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്ന് പുതിയ അധ്യക്ഷനെ തിരയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കത്തയക്കാനൊരുങ്ങി പൂനെയില്‍ നിന്നുള്ള എഞ്ചിനീയര്‍.

പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും പറഞ്ഞാണ് 28 കാരനായ ഇലക്ട്രോണിക് എഞ്ചിനീയര്‍ ദേശീയ നേതൃത്വത്തിന് കത്തയക്കാന്‍ ഒരുങ്ങുന്നത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൂനെയിലെ മാനുഫാക്ചറിംഗ് സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന ഗജാനന്ദ് ഹൊസാലെയെന്ന ആളാണ് അപേക്ഷാ ഫോം കോണ്‍ഗ്രസ് സിറ്റി യൂണിറ്റ് പ്രസിഡന്റ് രമേഷ് ബാഗ്വേയ്ക്ക് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്ന അവസരത്തില്‍ ആരെയാണ് പുതിയ അധ്യക്ഷനായി നിയമിക്കേണ്ടതെന്ന വലിയ ആശയക്കുഴപ്പത്തില്‍ പാര്‍ട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഞാന്‍ ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണ് – എന്നായിരുന്നു ഹൊസാലെ പ്രതികരിച്ചത്.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കല്‍ രാജ്യത്തിന്റെ ആവശ്യമാണെന്നും അതിന് യുവനേതൃത്വം തന്നെ വേണമെന്നും ഗജാനന്ദ് ഹൊസാലെ പറഞ്ഞു.

പാര്‍ട്ടിക്ക് യുവനേതൃത്വം ആവശ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ, പാര്‍ട്ടിക്ക് പ്രായത്തില്‍ മാത്രമല്ല, ഹൃദയത്തിലും ചിന്തയിലും യുവത്വം കാത്തുസൂക്ഷിക്കുന്ന ഒരു പ്രസിഡന്റ് തന്നെ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു.

നിലവില്‍ കോണ്‍ഗ്രസിന് പ്രസിഡന്റില്ലാത്തതിനാല്‍ നിരവധി പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോയത്. പാര്‍ട്ടിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ തന്നെ ഇത് ബാധിക്കും. – ഹൊസാലെ പറഞ്ഞു.

താങ്കള്‍ക്ക് രാഷ്ട്രീയരംഗത്ത് എന്തെങ്കിലും പരിചയമുണ്ടോയെന്നും അല്ലെങ്കില്‍ ഏതെങ്കിലും സാമൂഹിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് പരിചയമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഹൊസാലെയുടെ മറുപടി.

എന്നാല്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണ് താനെന്നും ഒരു വ്യക്തിയെന്ന നിലയില്‍ നിരവധി വിഷയങ്ങളില്‍ ഇടപെടുകയും ഭരണതലത്തിലുള്ളവരുമായി പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗം പോലുമല്ലെന്നും പാര്‍ട്ടിയുമായി ഇതുവരെ ബന്ധമില്ലെന്നും ഹൊസാലെ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് പാര്‍ട്ടിയില്‍ അംഗമായി ജോലിചെയ്യാന്‍ കഴിയാത്തത് എന്ന് ചോദിച്ചപ്പോള്‍, ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനോ നേതാവോ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍, പല അവസരത്തിലും മാറ്റിനിര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഒരു പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍, സുതാര്യതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനം നടത്തും. അതിനുള്ള അവസരം ഒരുക്കും. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം കൃത്യമായ ആസൂത്രണത്തോടെയാണ് ഞാന്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more