വിദ്വേഷത്തെ ഞാന്‍ സ്‌നേഹം കൊണ്ട് നേരിടും; ഇതേ സ്‌നേഹമാണ് മെയ് 23ന് മോദിയെ പരാജയപ്പെടുത്താന്‍ പോകുന്നത്; രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെക്കുറിച്ച് മോദി എന്തു പറഞ്ഞാലും മോദിയോട് തനിക്ക് സ്‌നേഹം മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ പരാജയപ്പെടുത്താന്‍ സ്‌നഹേത്തിനേ കഴിയൂ എന്നും, ഇതേ സ്‌നേഹം മെയ് 23ന് മോദിയെ പരാജയപ്പെടുത്തുമെന്നും ചാന്ദ്‌നി ചൗക്കില്‍ നടന്ന റാലിയില്‍ രാഹുല്‍ പറഞ്ഞു.
രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരമാര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെ തന്നെ മോദി വീണ്ടും രാജീവ് ഗാന്ധിയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നു.
ബോഫോഴ്‌സ് അഴിമതിയില്‍ കുറ്റാരോപണം നേരിട്ട രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ടു ചോദിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ധൈര്യമുണ്ടോയെന്നും മോദി ചോദിച്ചിരുന്നു.
‘ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, എനിക്കെതിരെ എന്തെങ്കിലും വിദ്വേഷം ഉണ്ടെങ്കില്‍, എന്നെ എത്ര വേണമെങ്കിലും ഇകഴ്ത്തിക്കെട്ടാമെന്നും, എന്റെ പിതാവിനെക്കുറിച്ചോ, മാതാവിനെക്കുറിച്ചോ, മുത്തച്ഛനെക്കുറിച്ചോ, മുത്തശ്ശിയെക്കുറിച്ചോ നിങ്ങള്‍ പറയുന്നതെന്തും പറയാമെന്ന്. എനിക്കെതിരെ എന്ത് വിദ്വേഷം നിങ്ങള്‍ പുറംതള്ളിയാലും ഞാന്‍ തിരിച്ച് സ്‌നേഹത്തോടെ മാത്രമേ പ്രതികരിക്കൂ’- രാഹുല്‍ ഗാന്ധി പറയുന്നു.
‘വിദ്വേഷത്തെ തോല്‍പ്പിക്കാന്‍ സ്‌നേഹത്തിന് മാത്രമേ കഴിയുള്ളൂ. ഓര്‍ക്കുക ഇതേ സ്‌നേഹമായിരിക്കും മെയ് 23ന് നേരന്ദ്ര മോദിജിയെ പരാജയ്‌പ്പെടുത്താന്‍ പോകുന്നത്’- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ മോദി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.
രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് മരിച്ചതെന്ന പരാമര്‍ശം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കന്മാരില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞദിവസം മോദിക്കെതിരെ രംഗത്ത് വരികയുമുണ്ടായി. തന്റെ കുറ്റങ്ങള്‍ മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കെണ്ടെന്ന് രാഹുലും മോദിക്ക് അമേഠി മറുപടി നല്‍കുമെന്ന് പ്രിയങ്കയും തുറന്നടിച്ചിരുന്നു.