| Sunday, 10th January 2021, 11:23 pm

'എന്ത് വിലകൊടുത്തും കാലാപാനി തിരിച്ചുപിടിക്കും'; ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കെ മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി.

നേപ്പാള്‍ വിദേശകാര്യമന്ത്രിയായ പ്രദീപ് ഗ്യാവലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഒലിയുടെ ഈ പ്രസ്താവന. ജനുവരി പതിനാലിനാണ് ഗ്യാവലിയുടെ ഇന്ത്യാ സന്ദര്‍ശനം.

‘സുഗൗലി ഉടമ്പടി പ്രകാരം മഹാകാളി നദിയുടെകിഴക്കായി സ്ഥിതി ചെയ്യുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നിവ നേപ്പാളിന്റ ഭാഗമാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ഇക്കാര്യം ഉന്നയിക്കും. നമ്മുടെ വിദേശകാര്യമന്ത്രി അടുത്തുതന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട’്, ഒലി പറഞ്ഞു.

നേപ്പാളിന്റെ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിച്ചതെന്നും ഒലി പറഞ്ഞു.

സൈന്യം നിലയുറപ്പിച്ച ശേഷം ആ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ നേപ്പാളിലെ ഭരണാധികാരികള്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാപാനിയില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. അത് യഥാര്‍ത്ഥത്തില്‍ നേപ്പാളിന്റെ പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവയുള്‍പ്പെടുന്ന മാപ്പ് നിര്‍മ്മിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കിടയിലും ഭിന്നത രൂക്ഷമാക്കുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്താതെ നേപ്പാളിന്റെ അവകാശം ഇന്ത്യയെ അറിയിക്കും. നമ്മുടെ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കും’, ഒലി പറഞ്ഞു.

അതേസമയം ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള റോഡ് ഗതാഗതം മെച്ചപ്പെടുന്നുവെന്നും നേപ്പാളിനെയും ചൈനയിലെ ടിബറ്റന്‍ സ്വയംഭരണ പ്രദേശത്തെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ തുരങ്കത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:K P Sharma Oli On Kalapani

We use cookies to give you the best possible experience. Learn more