ബെംഗളൂരു : ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയെങ്കിലും ട്രാന്‍സ്ഫറിനായി പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യക്കും മകനും മുന്‍ എം.എല്‍.എയുമായ യതീന്ദ്രയ്ക്കുമെതിരെ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി കുമാരസ്വാമി ‘ക്യാഷ് ബോര്‍ഡ് ട്രാന്‍സ്ഫര്‍’ ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ പണം കൈമാറ്റം നടന്നത് കുമാരസ്വാമിയുടെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു.
‘അതിനെക്കുറിച്ച് ചോദിക്കരുതെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതിനകം തന്നെ ഇതിനോട് പ്രതികരിച്ചിട്ടില്ലേ? അദ്ദേഹം നിരവധി തവണ ട്വീറ്റ് ചെയ്യട്ടെ,’ കുമാരസ്വാമിയുടെ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു.
‘കുമാരസ്വാമിയും നേതാക്കളും അവര്‍ കൈമാറ്റത്തിന് സ്വീകരിച്ച പണത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് അവര്‍ പണം വാങ്ങി. ഞങ്ങളുടെ ഭരണകാലത്ത് പണം ഒന്നും വാങ്ങിയിട്ടില്ല. ഞാനേതെങ്കിലും കൈമാറ്റ കേസില്‍ പണം കൈപ്പറ്റിയതായി തെളിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും. അദ്ദേഹം 100 തവണ ട്വീറ്റ് ചെയ്യട്ടെ, ഞാന്‍ മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച യതീന്ദ്രയും സിദ്ധരാമയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചൂണ്ടിക്കാട്ടി കുമാരസ്വാമി ‘ക്യാഷ് ഫോര്‍ ട്രാന്‍സ്ഫര്‍’ അഴിമതി ആരോപിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിച്ച വ്യക്തി ഈ അടുത്തിറങ്ങിയ പൊലീസുകാരുടെ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഇടം പിടിച്ചതായി കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാല്‍ യതീന്ദ്രയും സിദ്ധരാമയും ഇത് നിഷേധിച്ചു.
content highlight : If proved I have taken money in single case of transfer, I Will retire from politics: Siddaramaiah