|

ബി.ജെ.പിയുമായി സഹകരിക്കില്ല; അതിനേക്കാള്‍ ഭേദം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതാണെന്ന് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കാള്‍ നല്ലത് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതാണെന്നും മായാവതി പറഞ്ഞു.

‘ബി.എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിച്ച് മത്സരിക്കാന്‍ ബി.എസ്.പിക്ക് സാധിക്കില്ല’, മായാവതി പറഞ്ഞു.

എല്ലാവര്‍ക്കും എല്ലാ മതങ്ങള്‍ക്കും ഗുണമുണ്ടാകണമെന്നാണ് ബി.എസ്.പിയുടെ പ്രത്യയശാസ്ത്രം. ഇത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് നേര്‍വിപരീതമാണ്. വര്‍ഗ്ഗീയ, ജാതി, മുതലാളിത്ത പ്രത്യശാസ്ത്രം പിന്തുടരുന്നവരുമായി ബി.എസ്.പി സഖ്യമുണ്ടാക്കില്ലെന്നും മായാവതി പറഞ്ഞു.

നേരത്തെ വരാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.പിയെ പരാജയപ്പെടുത്താന്‍ ഏതറ്റംവരേയും പോകുമെന്ന് മായാവതി പറഞ്ഞിരുന്നു.

‘എസ്.പിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയ്ക്ക് മേല്‍ ആര്‍ക്കാണോ ഏറ്റവും വിജയസാധ്യത അയാള്‍ക്ക് ബി.എസ്.പിയുടെ എല്ലാ എം.എല്‍.എമാരും വോട്ട് ചെയ്യും. അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്കാണെങ്കിലും ചെയ്യും’, എന്നായിരുന്നു മായാവതി പറഞ്ഞിരുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്നും മായാവതി പറഞ്ഞിരുന്നു.

നേരത്തെ ബി.എസ്.പിയുടെ എം.എല്‍.എമാര്‍ എസ്.പിയില്‍ ചേര്‍ന്നിരുന്നു. അഞ്ച് എം.എല്‍.എമാരാണ് പാര്‍ട്ടി വിട്ട് അഖിലേഷിനൊപ്പം ചേര്‍ന്നത്.

ഇതിന് പിന്നാലെയാണ് രൂക്ഷപ്രതികരണവുമായി മായാവതി രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will Retire But Not Ally With BJP Mayawati