കോടതി ദുര്‍ബലമായാല്‍ ഓരോ പൗരനെയും ബാധിക്കും, പുനപരിശോധന ഹരജി നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്
ന്യൂദല്‍ഹി: കോടതിയ ലക്ഷ്യക്കേസില്‍ സുപ്രീംകോടതി വിധിച്ച പിഴ അടക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി, കോടതി ദുര്‍ബലമായാല്‍ ഓരോ പൗരനെയും ബാധിക്കും, പുനപരിശോധന ഹരജി നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
കോടതിയോട് അങ്ങേയറ്റം ബഹുമാനമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെക്കെതിരെയുള്ള ട്വീറ്റിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. പ്രശാന്ത് ഭൂഷനെതിരെ ഒരു രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. ഒരു രൂപ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം വരെ തടവും മൂന്ന് വര്‍ഷം വരെ അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കുമാണ് കോടതി വിധിച്ചത്.
സെപ്തംബര്‍ 15ന് മുമ്പ് പിഴ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ പാരമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാല്‍ താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം പുനരാലോചിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്‍കി.
എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ മൂന്നംഗ ബെഞ്ചിനെ അറിയിച്ചിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
content highlight: will respectfully pay fine prasanth bhushan on supream court verdict