|

ദല്‍ഹിയിലെ മുസ്തഫാബാദിനെ 'ശിവ് പുരി'യാക്കും; സത്യപ്രതിജ്ഞക്ക് മുമ്പേ ബി.ജെ.പി എം.എല്‍.എയുടെ പ്രഖ്യാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പ്രഖ്യാപനവുമായി നിയുക്ത ബി.ജെ.പി എം.എല്‍.എ മോഹന്‍ സിങ് ബിഷ്ത്.

ദല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദിന്റെ പേര് ‘ശിവ് പുരി’ അല്ലെങ്കില്‍ ‘ശിവ് വിഹാര്‍’ എന്നാക്കി മാറ്റുമെന്നാണ് മോഹന്‍ സിങ് പ്രഖ്യാപിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപാര്‍ട്ടികള്‍ മുസ്തഫാബാദ് എന്ന പേര് നിലനിര്‍ത്താന്‍ പറയുന്നതിന്റെ ആവശ്യകത എന്താണെന്ന് മനസിലാകുന്നില്ലെന്നും മോഹന്‍ സിങ് പറഞ്ഞു. മുസ്തഫ എന്ന പേര് ജനങ്ങളുടെ ബുദ്ധിമുട്ടിക്കുന്നു. അത് മാറ്റണം, ഇക്കാര്യം താന്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്നും നിയുക്ത എം.എല്‍.എ പറഞ്ഞു.

വടക്കുകിഴക്കന്‍ ദല്‍ഹിയിലാണ് മുസ്തഫാബാദ് സ്ഥിതി ചെയ്യുന്നത്. 2020ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്നുണ്ടായ കലാപം ഏറ്റവും കൂടുതല്‍ ബാധിച്ചത് മുസ്തഫാബാദിനെയാണ്.

മുസ്തഫാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സി.എ.എ\എന്‍.ആര്‍.സി വിരുദ്ധ സമരപ്പന്തലിലേക്ക് ഹിന്ദുത്വ വാദികള്‍ ഇടിച്ചുകയറിയതോടെയാണ് ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെയാണ് മുസ്തഫാബാദ് ശ്രദ്ധിക്കപ്പെട്ടത്.

മുസ്തഫാബാദ് മണ്ഡലത്തിന്റെ നിയുക്ത എം.എല്‍.എയാണ് മോഹന്‍ സിങ് ബിഷ്ത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ആദീല്‍ അഹമ്മദിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ബിഷ്ത് വിജയം കണ്ടത്.

17,578 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയം. കരാവല്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് നാല് തവണ എം.എല്‍.എയായ വ്യക്തി കൂടിയാണ് ബിഷ്ത്.

ഇപ്പോള്‍ മഹാ കുഭമേള നടക്കുന്ന പ്രയാഗ്‌രാജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പുനര്‍നാമകരണം ചെയ്ത നഗരങ്ങളാണ്. അലഹബാദിനെയാണ് യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയത്.

എന്നാല്‍ അലഹബാദ് ഹൈക്കോടതി ഇപ്പോഴും പഴയ പേരില്‍ തന്നെയാണ് തുടരുന്നത്. ദല്‍ഹിയിലെ രാജ്പഥിനെ കര്‍തവ്യപഥ് എന്നും ഫൈസാബാദ് ജില്ലയെ അയോധ്യയെന്നും കേന്ദ്ര സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.

ഇത്തരത്തില്‍ നിരവധി സ്റ്റേഡിയങ്ങളുടെയും റെയിവേ സ്റ്റേഷനുകളുടെയും പേരുകള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.

Content Highlight: Will rename Mustafabad ‘Shiv Puri’: Delhi BJP MLA-elect’s big announcement