ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചാല്‍ നമ്മുടെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാകുമോ?
DISCOURSE
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചാല്‍ നമ്മുടെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാകുമോ?
വൈശാഖന്‍ തമ്പി
Thursday, 16th May 2024, 1:28 pm
വാഹനത്തെ കൃത്യമായി കൈകാര്യം ചെയ്യാനറിയാത്തതല്ല നമ്മള്‍ റോഡില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അത് റോഡുപെരുമാറ്റത്തിലെ അഹങ്കാരമാണ്, നിയമങ്ങളോടുള്ള പുച്ഛമാണ്. അത് യന്ത്രങ്ങളുമായി ബന്ധപ്പെട്ടതല്ല, അതിന്റെ വീല് തിരിക്കുന്ന മനുഷ്യജീവിയുമായി മാത്രം ബന്ധമുള്ളതാണ്.

ലെവല്‍ ക്രോസ്സിലൂടെ വണ്ടിയുമായി പോയിട്ടുണ്ടോ? ഒരു ട്രെയിന്‍ കുറുകേ പോകാനുണ്ട് എന്നതാണ് അവിടെ നമുക്ക് തടസ്സമായി നില്‍ക്കുന്നത് എന്നതാണ് തിയറി. അതായത്, ട്രെയിന്‍ പോയി, ഗേറ്റ് തുറന്നാല്‍ നമുക്കും പോകാം.

പക്ഷേ അത് നടക്കാറുണ്ടോ? ട്രെയിന്‍ പോയി അര മണിക്കൂറ് കഴിയും മിക്കവാറും അവിടെയുണ്ടായ കുരുക്ക് അഴിയാന്‍! കാരണം ഇടതോ വലതോ ലെയിന്‍ നോക്കാതെ റോഡ് നിറയെ വാഹനങ്ങള്‍ ഗേറ്റിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടുണ്ടാകും. ഗേറ്റ് തുറക്കുമ്പോള്‍ അപ്പുറത്ത് വശത്തെ വണ്ടിയ്ക്ക് ഇങ്ങോട്ട് വരാനും സ്ഥലം വേണം എന്ന ചിന്തയില്ല.

എല്ലാവര്‍ക്കും മുന്നില്‍ നില്‍ക്കണം, ഗേറ്റ് തുറക്കുമ്പോള്‍ ആദ്യം പോണം. ഗേറ്റ് തുറക്കുമ്പോള്‍, ദാ അപ്പുറത്തും അങ്ങനെയായതുകൊണ്ട് ആദ്യം നില്‍ക്കുന്നവര്‍ക്കും പോകാന്‍ സ്ഥലമില്ല!

പറഞ്ഞുവരുന്നത്, വാഹനത്തെ കൃത്യമായി കൈകാര്യം ചെയ്യാനറിയാത്തതല്ല നമ്മള്‍ റോഡില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അത് റോഡുപെരുമാറ്റത്തിലെ അഹങ്കാരമാണ്, നിയമങ്ങളോടുള്ള പുച്ഛമാണ്. അത് യന്ത്രങ്ങളുമായി ബന്ധപ്പെട്ടതല്ല, അതിന്റെ വീല് തിരിക്കുന്ന മനുഷ്യജീവിയുമായി മാത്രം ബന്ധമുള്ളതാണ്.

അമിതവേഗം, വരിയും സൈഡും തെറ്റിച്ച് ഓടിക്കല്‍, സിഗ്‌നല്‍ തെറ്റിക്കല്‍, വണ്‍വേ തെറ്റിച്ച് പോകല്‍, അലക്ഷ്യമായ പാര്‍ക്കിങ്, ഫുട്പാത്തിലൂടെ വണ്ടിയോടിക്കല്‍, മദ്യപിച്ച് വണ്ടിയോടിക്കല്‍ എന്നിങ്ങനെ റോഡില്‍ അപകടമാകുന്ന മിക്ക കാര്യങ്ങള്‍ക്കും ഡ്രൈവിങ് സ്‌കില്ലുമായല്ല, ഡ്രൈവിങ് മനോഭാവവുമായിട്ടാണ് ബന്ധം.

നിലവിലെ ടെസ്റ്റുകള്‍ ഡ്രൈവിങ്ങിന് വേണ്ട നൈപുണ്യം കൃത്യമായി അളക്കാന്‍ പര്യാപ്തമല്ല എന്നത് ശരിയാണ്. അത് പരിഷ്‌കരിക്കേണ്ടതുണ്ട്.

കയറ്റത്തില്‍ നിര്‍ത്തിയ വണ്ടി നീങ്ങാന്‍ ശ്രമിക്കുമ്പോള്‍ പിന്നോട്ട് ഉരുളുക, റിവേഴ്‌സ് പാര്‍ക്ക് ചെയ്യാന്‍ കഴിയാതെവരിക, എന്നിങ്ങനെ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് കൊണ്ട് കഴിഞ്ഞേക്കും. ശരിയായ റോഡുപെരുമാറ്റം അറിയാത്തതുകൊണ്ട് മാത്രം ചെയ്യാത്തവര്‍ക്ക് അത് തിരുത്താനും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഉപകരിച്ചേക്കും.

അതേസമയം ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പരിഷ്‌കരണത്തോടുള്ള എതിര്‍പ്പ് സ്വാഭാവികമാണ്. മറ്റേത് വിദ്യാഭ്യാസവും പോലെ ഒരു ചടങ്ങ് മാത്രമാണ് നമുക്ക് ഡ്രൈവിങ് വിദ്യാഭ്യാസവും. അറിവ് നേടലല്ല, സര്‍ട്ടിഫിക്കറ്റ് നേടലാണ് വിദ്യാഭ്യാസം എന്ന് പറയുന്നതുപോലെ, ഡ്രൈവ് ചെയ്യാന്‍ പഠിപ്പിക്കലല്ല ലൈസന്‍സെടുക്കാന്‍ പഠിപ്പിക്കലാണ് ഇവിടെ മിക്കവാറും നടക്കുന്നത്.

ഒരു ഡ്രൈവിങ് സ്‌കൂളുണ്ടാകും. ഒരു വണ്ടി നിറയെ വിദ്യാര്‍ത്ഥികളുമായി ഒരു ആശാന്‍ റോഡിലിറങ്ങും. ഇടക്കിടെ നിര്‍ത്തി വീല്‍ പിടിക്കുന്ന ആളിനെ മാറ്റും. വിദ്യാര്‍ത്ഥി ആരായാലും ആശാന്‍ തിരിക്കാന്‍ പറയുമ്പോ തിരിക്കണം, ചവിട്ടാന്‍ പറയുമ്പോ ചവിട്ടണം. തെറ്റിച്ചാല്‍ ആശാന്റെ പൂരപ്പാട്ടും കേള്‍ക്കണം.

മാരുതി, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ പ്രൊഫഷണലായി ഇത് ചെയ്യുന്നുണ്ട് എങ്കിലും ഫീസിലെ വ്യത്യാസം കാരണമാകണം, ഇപ്പോഴും കണ്‍വെന്‍ഷണല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് തന്നെയാണ് ഡിമാന്‍ഡ്. ഇത് വായിക്കുന്നവരില്‍ നല്ലൊരു പങ്ക് അങ്ങനെ പഠിച്ചവരാകും.

നിങ്ങളിലാരെങ്കിലും, ഹമ്പ് (സ്പീഡ് ബ്രേക്കര്‍) വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ആശാന്‍ പറഞ്ഞുതന്നത് ഓര്‍ക്കുന്നുണ്ടോ? ഡ്രൈവിങ് ബുദ്ധിമുട്ടാണെന്ന് പറയുന്ന കുറേ പേരോട് ഞാനിത് ചോദിച്ചിട്ടുണ്ട്.

അതൊരു കോംപ്ലക്‌സ് ടാസ്‌കാണത്രേ. ഹമ്പിനോട് അടുക്കുമ്പോള്‍ ആശാന്‍ പറയും, ‘ആക്‌സിലറേറ്ററീന്ന് കാലെട്’ (എടുത്തു) ‘ചെറുതായിട്ട് ബ്രേക്ക് കൊട്'(കൊടുത്തു) ‘ക്ലച്ച് ചവിട്ട്’ (ചവിട്ടി) ‘ഗിയര്‍ ഡൗണ്‍ ചെയ്’ (ചെയ്തു) ‘ഇനി ക്ലച്ചൊന്ന് താങ്ങിക്കൊട്…’ ഇങ്ങനെ കംപ്യൂട്ടറിന് അല്‍ഗോരിഥം എഴുതിക്കൊടുക്കുംപോലെയാണ് നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥി ഈ ക്രമം വള്ളിപുള്ളി വിടാതെ പഠിച്ചെടുക്കണം. പിന്നെ അതൊക്കെ എന്ത്, രണ്ട് സൈഡ് വ്യൂ മിററും അന്തസ്സായി മടക്കിവെച്ചിട്ട്, കൊണ്ടുപിടിച്ച ഡ്രൈവിങ് പഠനം നടത്തുന്ന എത്രയോ ഡ്രൈവിങ് സ്‌കൂള്‍ വണ്ടികള്‍ റോഡില്‍ കണ്ടിട്ടുണ്ട്.

വിദ്യാഭ്യാസം എന്നാല്‍ ആദ്യം അടിസ്ഥാന ആശയങ്ങള്‍ പഠിച്ചിട്ട്, മറ്റ് വിശദാംശങ്ങള്‍ അതിന് മുകളിലാണ് കയറ്റിവെക്കേണ്ടത്. അത് ഏത് വിഷയമായാലും.

നേരത്തെ പറഞ്ഞ ഹമ്പ് കയറ്റത്തിന്റെ കാര്യം പറഞ്ഞാല്‍, ഹമ്പ് കടക്കുമ്പോള്‍ സ്പീഡ് കുറയ്ക്കണം (അതിനാണല്ലോ ഹമ്പ്!), സ്പീഡ് കുറയുമ്പോള്‍ കൂടുതല്‍ പവര്‍ (കൃത്യമായി പറഞ്ഞാല്‍, ടോര്‍ക്ക്) വേണ്ടിവരുന്നതിനാല്‍ ഗിയര്‍ താഴ്‌ത്തേണ്ടിവരും- ഇത്രേ ഉള്ളൂ കാര്യം.

പക്ഷേ ആശാന്‍ പറഞ്ഞുവരുമ്പോള്‍ റോക്കറ്റുവിക്ഷേപണം പോലൊരു പ്രവൃത്തിയായിട്ട് തോന്നിയേക്കാം.

ഇതില്‍ തന്നെ ‘ക്ലച്ച് താങ്ങല്‍’ നമ്മുടെ ഡ്രൈവിങ് പഠനത്തിലെ ഒരു മാസ്റ്റര്‍ ആര്‍ട്ടാണ്. (വണ്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ ഈ പരിപാടി, തെറ്റിച്ച് പഠിച്ചുപോയതിന്റെ പേരില്‍ ഇന്നും തിരുത്താന്‍ പാടുപെടുന്ന ആളാണ് ഞാന്‍).ചുരുക്കിപ്പറഞ്ഞാല്‍, റോഡ് സുരക്ഷിതമാക്കാന്‍ ‘യന്ത്രങ്ങളുടെ പ്രവര്‍ത്തനം’ മാത്രം പഠിച്ചാല്‍ പോരാ!

content highlights: Will reforming the driving test make our roads safer?